
തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്തി നിർണയം ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിൽ ഉത്തർപ്രദേശാണ് വാർത്തകളിൽ കൂടുതലായി ഇടം നേടുന്നത്. യുപിയിലെ നിർണായക സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് ബിജെപി നേതൃത്വം. പിലിഭത്തിലേക്ക് മനേകാ ഗാന്ധിയെ പരിഗണിക്കുമ്പോൾ റായ്ബറേലിയിലെ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തുന്നത് വിവാദ പ്രസ്താവനകളിലൂടെ മാത്രം വാർത്തകളിൽ ഇടംനേടിയ നുപുർ ശർമയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ( nupur sharma may contest from Raebareli )
2004 മുതൽ സോണിയ ഗാന്ധി തുടർച്ചയായി മത്സരിച്ച് വിജയിക്കുന്ന മണ്ഡലമാണ് റായ്ബറേലി. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കാ ഗാന്ധിയും മത്സരിക്കുമെന്ന വാർത്തകൾ ആദ്യഘട്ടത്തിൽ പുറത്ത് വന്നിരുന്നുവെങ്കിലും നിലവിൽ ഗാന്ധി സഹോദരങ്ങൾ ഇരു സീറ്റുകളിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഈ അവസരത്തിൽ റായ്ബറേലി പിടിക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. 2019 ൽ അമേഠി പിടിക്കാൻ ബിജെപിക്ക് സാധിച്ചുവെങ്കിലും സോണിയാ ഗാന്ധിയുടെ കൈകളിൽ നിന്ന് റായ്ബറേലി പിടിച്ചെടുക്കുകയെന്ന ബിജെപിയെ സംബന്ധിച്ച് ബാലികേറാ മല തന്നെയായിരുന്നു. നിലവിൽ സോണിയ കൂടി റായ്ബറേലിയിൽ നിന്ന് ഒഴിഞ്ഞതോടെ റായ്ബറേലിയെന്ന കോൺഗ്രസ് കോട്ടയിൽ വിജയം മണക്കുന്നുണ്ട് ബിജെപി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെതിരെ സ്ഥാനാർത്ഥിയായ വ്യക്തിയാണ് നുപുർ ശർമ. ചാനൽ ചർച്ചകളിലും ബിജെപി വേദികളിലും സജീവ സാന്നിധ്യമായിരുന്ന നുപുർ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടത് പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിലൂടെയാണ്. 2022 ലായിരുന്നു നുപുറിന്റെ മതസ്പർധ വളർത്തുന്ന വിവാദ പരാമർശം. പിന്നാലെ യുഎഇ, സൗദി അറേബ്യ, ഖത്തർ, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയെ അതൃപ്തി അറിയിച്ചിരുന്നു. ബിജെപി വക്താവായിരുന്ന നുപുർ ശർമക്ക്, പ്രസ്താവനയുടെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെൻഷൻ നേരിടേണ്ടി വന്നു.
ഡൽഹി യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർത്ഥിയായിരുന്ന നുപുർ ശർമ 2008 ലാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. എബിവിപി യൂണിയന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട നുപുർ പിന്നീട് ലണ്ടനിൽ ഇന്റർനാഷ്ണൽ ബിസിനസ് ലോയിൽ ബിരുദാനന്തര ബിരുദം നേടാനായി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. 2011 ൽ ഇന്ത്യയിലേക്ക് തിരികെയെത്തിയ നുപുർ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. 2013ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി മീഡിയ കമ്മിറ്റിയിൽ അംഗമായിരുന്നു നുപുർ ശർമ. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലാണ് നുപുർ കേജ്രിവാളിനെതിരായ ബിജെപി സ്ഥാനാർത്തിയാകുന്നത്.
തെരഞ്ഞെടുപ്പിൽ നുപുറിന് വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലും വാശീയേറിയ പ്രചാരണവും പ്രസംഗവും നുപുറിന് ബിജെപി വക്താവ് എന്ന പദവി നേടിക്കൊടുത്തു. 2020 ലാണ് ബിജെപി ദേശീയ വക്താവായി നുപുർ ശർമ നിയമതിയാകുന്നത്.
2022ലാണ് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കളങ്കം ചാർത്തികൊണ്ട് നുപുറിന്റെ വർഗീസ പരാമർശം ഉണ്ടാകുന്നത്. ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നുപുർ ശർമയ്ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
നുപുർ ശർമയുടെ വിവാദ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്കായി തിരിതെളിച്ചത്. ഇതിന്റെ ചുവടുപിടിച്ച് രാജ്യത്ത് പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. നുപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്തിന് ഉദയ്പൂറിലെ തയ്യൽതൊഴിലാളി കനയ്യ ലാലിനെ രണ്ട് ഇസ്ലാം മതവിശ്വാസികൾ ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി.
നുപുറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തീവ്രവാദ സംഘടനയായ മുജാഹിദീൻ ഘസ്വതുൽ ഹിന്ദ് നുപുർ ശർമയ്ക്കെതിരെ ഭീഷണിയുമായി രംഗത്ത് വന്നു. പരാമർശം പിൻവലിച്ച് ലോകത്തോട് മാപ്പപേക്ഷിച്ചില്ലെങ്കിൽ പ്രവാചകനെ അവഹേളിച്ചവർക്കെതിരെ തങ്ങൾ ചെയ്യാറുള്ളത് ചെയ്യുമെന്നായിരുന്നു ഭീഷണി. വിവിധ സംഘടനകളും, യുഎഇ, ഖത്തർ പോലുള്ള രാജ്യങ്ങളും അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നു. അപകീർത്തി പരാമർശത്തിൽ സൗദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും പ്രതിഷേധം രേഖപ്പെടുത്തി. പിന്നാലെ ബിജെപി വക്താവ് സ്ഥാനാത്ത് നിന്നും ബിജെപി നുപുറിനെ സസ്പെൻഡ് ചെയ്തു.
ബിജെപി നേതൃത്വം കൂടി കൈയ്യൊഴിഞ്ഞതോടെ നുപുർ പ്രസ്താവന പിൻവലിച്ചുകൊണ്ട് എക്സിൽ പോസ്റ്റിട്ടു. തന്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. ‘മഹാദേവനെ അവഹേളിക്കുന്ന, അധിക്ഷേപിക്കുന്ന ടെലിവിഷൻ ചർച്ചകളിൽ കഴിഞ്ഞ കുറച്ചുനാളായി ഞാൻ പങ്കെടുക്കുന്നുണ്ട്. അത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം. ഡൽഹിയിലെ റോഡരികിലുള്ള തൂണുകളുമായി ശിവലിംഗത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. തുടരുന്ന ഈ അവഹേളനങ്ങളും മഹാദേവനെതിരായ അധിക്ഷേപങ്ങളും എനിക്ക് സഹിക്കാനായില്ല. തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. എന്റെ പ്രസ്താവന ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലോ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിലോ ഞാൻ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല.’ നുപുർ ട്വീറ്റ് ചെയ്തു.
സംഭവം കോടതിയിലെത്തിയപ്പോൾ സുപ്രിംകോടതിയിൽ നിന്നും നുപുറിനെതിരെ രൂക്ഷ വിമർശനമുണ്ടായി. നുപുറിന്റെ പ്രസ്താവന രാജ്യത്തെ ഒന്നടങ്കം അസ്വസ്ഥമാക്കിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
നുപുറിനെതിരായ വിവിധ സംസ്ഥാനങ്ങളിലെ എഫ്ഐആറുകളെല്ലാം ഒരുമിച്ച് പരിഗണിക്കാൻ സുപ്രിംകോടതി തീരുമാനിച്ചതല്ലാതെ കേസിൽ കാര്യമായ പുരോഗതിയൊന്നും പിന്നീടുണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം.
Story Highlights: nupur sharma may contest from Raebareli
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]