

കാര്‍ വാടകയ്ക്ക് എടുത്തത് എആര്‍ ക്യാമ്പിലെ എസ് ഐ; വാഹനം കൈമറിച്ച് തട്ടിക്കൊണ്ടു പോയവരില്‍ എത്തി; ഇതുവരെ ആരും പരാതിയുമായി രംഗത്ത് വരാത്തതിൽ ദുരൂഹത; ആലുവയില്‍ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍
ആലുവ: റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് യുവാക്കളെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റില്‍.
കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ചുവന്ന കാർ വാടകയ്ക്ക് എടുത്ത് നല്കിയവരാണ് ഇവർ എന്നാണ് സൂചന.
എന്നാല്‍ തട്ടിക്കൊണ്ടുപോയ യുവാക്കളെ സംബന്ധിച്ചോ, ഇവരെ തട്ടിക്കൊണ്ടുപോയവരെ പറ്റിയോ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എസ്ഐ. സുരേഷ് ബാബുവാണ് കാർ വാടകയ്ക്ക് എടുത്തത്. പത്തനംതിട്ടയില്‍ നിന്നെടുത്ത കാർ സുരേഷ് ബാബുവിന്റെ പക്കല്‍ നിന്നും മുഹമ്മദ് റിയാസ് വാടകയ്ക്കെടുത്തു. അൻവർ കാർ മുഹമ്മദ് റിയാസില്‍ നിന്നും വാടകയ്ക്കെടുത്തു. അൻവറാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന് വാടകയ്ക്ക് നല്‍കിയത്.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനകള്‍ക്ക് ശേഷം കാർ ആലുവ പൊലീസിന് കൈമാറി.
സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി ആലുവ റൂറല്‍ ജില്ലാ എസ്പി. ഡോ. വൈഭവ് സക്സേന പറഞ്ഞു. പ്രതികളെയോ വാദികളെയോ കണ്ടെത്തിയാല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആരും ഇതുവരെ പരാതിയുമായി രംഗത്ത് വരാത്തതും ദുരൂഹതക്കിടയാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]