
ജയ്പ്പൂർ: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം രൂപ മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയെ കയറില്‍ കെട്ടിയിട്ട ഫോട്ടോകളും സംഘം അയച്ചിരുന്നുവെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. ‘മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സംഘത്തിന്റെ ഭീഷണി. മകള്‍ കോട്ടയിലെ വിജ്ഞാന് നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടക മുറിയിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി മകളുമായി സംസാരിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് ഫോണിലേക്ക് മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകളും മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം നല്‍കണമെന്ന സന്ദേശവും ലഭിച്ചത്. പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും അവര്‍ അയച്ചു.’ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കോട്ട എസ്പി അമൃത ദുഹാന്‍ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് പറഞ്ഞത്. വിദ്യാര്‍ത്ഥിനിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നും കോട്ട എസ്പി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]