
‘ഭൂതകാലം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെയാണ് മലയാളികൾക്ക് രാഹുൽ സദാശിവൻ എന്ന സംവിധായകൻ സുപരിചിതൻ ആകുന്നത്. വൻ ജനശ്രദ്ധനേടിയ ആ സിനിമയ്ക്ക് ശേഷം രാഹുൽ പുതിയ സിനിമ ഒരുക്കുന്നു എന്ന് കേട്ടപ്പോൾ ഏറെ ആവേശത്തിൽ ആയിരുന്നു സിനിമാസ്വാദകർ. ഒടുവിൽ മമ്മൂട്ടിയാണ് നായകൻ എന്ന് കൂടി പുറത്തുവന്നതോടെ ആ ആവേശം വാനോളം ഉയർന്നു. ഒടുവിൽ ‘ഭ്രമയുഗം’ തിയറ്ററിൽ എത്തിയപ്പോഴും അതങ്ങനെ തന്നെ. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഭ്രമയുഗം ഏവരെയും അമ്പരപ്പിച്ചു. കൊടുമൻ പോറ്റി എന്ന കഥാപാത്രമായുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം ഓരോ ആരാധകനെയും ഞെട്ടിക്കുന്നതായിരുന്നു.
നിലവിൽ ഭ്രമയുഗം ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. ഈ അവസരത്തിൽ മമ്മൂട്ടിക്കൊപ്പം ഇനിയും ഒരു സിനിമ ഉണ്ടാകുമെന്ന് പറയുകയാണ് രാഹുൽ സദാശിവൻ. സില്ലി മോങ്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടിയ്ക്ക് ഒപ്പം ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഉറപ്പായും. ഒരു സിനിമ കൂടി മമ്മൂക്കയ്ക്ക് ഒപ്പം ചെയ്യണം. അത് എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും അറിയില്ല’, എന്നാണ് രാഹുൽ പറഞ്ഞത്.
ഭ്രമയുഗത്തിന്റെ തുടർച്ചയെ പറ്റിയും മമ്മൂട്ടിയെ കുറിച്ചും രാഹുൽ സംസാരിക്കുന്നുണ്ട്. “ചിത്രത്തിന്റെ സീക്വല്‍, പ്രീക്വലിനെ കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. പോസിബിലിറ്റീസ് ഉണ്ട്. നിലവില്‍ ഭ്രമയുഗത്തിന്റെ ഫേസ് കഴിഞ്ഞു. ഓരോ പ്രോജക്ടിനോടും അത്രയും പാഷനേറ്റഡ് ആണ് മമ്മൂക്ക. കഥയെ കുറിച്ച് കഥാപാത്രത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ നമുക്ക് അത് അറിയാനാകും. മമ്മൂക്കയ്ക്ക് അധികം റീ ടേക്കുകള്‍ വരാറില്ല. പ്രയാസമേറിയ ഷോട്ടുകള്‍ ഒന്നോ രണ്ടോ ടേക്കില്‍ ഓക്കെ ആകും. അതും വളരെ വിരളമാണ്. വളരെ അപൂര്‍വ്വം ആയിരുന്നു റീ ടേക്ക്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് മാജിക്കാണ്”, എന്നാണ് രാഹുൽ പറഞ്ഞത്.
ഭ്രമയുഗം സ്റ്റിൽസ് കളർ ചെയ്ത് കണ്ടതിനെ കുറിച്ചും രാഹുൽ സംസാരിക്കുന്നുണ്ട്. “കുറേപേര്‍ എഫെര്ട്ട് എടുത്ത് കളര്‍ ചെയ്തിട്ടുണ്ട്. അതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഞാന്‍ അവ എന്ജോയ് ചെയ്യുന്നുണ്ട്. പക്ഷേ എന്തൊക്കെ ചെയ്താലും ഭ്രമയുഗം ബ്ലാക് ആന്‍ഡ് വൈറ്റില്‍ അല്ലാതെ കാണാന്‍ പറ്റില്ല”, എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
Last Updated Mar 19, 2024, 7:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]