
തലശേരി- പാലക്കാട്-പൊള്ളാച്ചി പാത ബ്രോഡ്ഗേജാക്കിയത് മുതല്‍ പറഞ്ഞു കേള്‍ക്കുന്നതാണ് മംഗലാപുരത്തു നിന്ന് മധുരയിലേക്കും രാമേശ്വരത്തേക്കും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയെന്നത്. 2017ല്‍ റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചതുമാണ്. നമ്മുടെ എം.പിമാരുടെ ‘മിടുക്ക്’ കാരണം ഇതു വരെ യാഥാര്‍ഥ്യമായില്ലെന്ന് മാത്രം. ഏറെ വൈകി റെയില്‍വേ ഈ റൂട്ടിലെ കഴിഞ്ഞ ദിവസം ട്രെയിന്‍ പ്രഖ്യാപിച്ചു. മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിനാണ് വരുന്നത്. അതായത് ആഴ്ചയിലൊരിക്കല്‍. ഏറെക്കാലമായി ഉയര്‍ന്നിരുന്ന ആവശ്യത്തിനാണ് റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കിയത്.
ട്രെയിന്‍ നമ്പര്‍ 16622 മംഗളൂരു – രാമേശ്വരം പ്രതിവാര എക്സ്പ്രസ് ശനിയാഴ്ചകളില്‍ രാത്രി 7.30 ന് മംഗലാപുരത്ത് നിന്ന് പുറപ്പെടും. ഞായറാഴ്ച പകല്‍ 11.45 ന് രാമേശ്വരത്ത് എത്തിച്ചേരും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട്, പൊള്ളാച്ചി, പഴനി, ഓട്ടന്‍ചത്രം, ഡിണ്ടിഗല്‍, മധുരൈ, മാനമദുരൈ, രാമനാഥപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ധാരാളം ട്രെയിന്‍ യാത്രക്കാരുള്ള മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. വടക്കേ മലബാറിലെ പ്രമുഖ സ്റ്റേഷനുകളായ വടകരയിലും തലശേരിയിലും ഇത് നിര്‍ത്തില്ല.
പിന്നെന്തിന് ഇങ്ങിനെയൊരു ട്രെയിനെന്ന് വടകരയിലെ യാത്രക്കാര്‍ ചോദിക്കുന്നു. മോഡി സര്‍ക്കാര്‍ 22 കോടി രൂപ മുടക്കി വന്‍ വികസന പ്രവര്‍ത്തനം നടത്തുന്ന സ്റ്റേഷനാണ് വടകര. നിത്യേന മൂന്നര ലക്ഷം രൂപയിലേറെ കലക്റ്റ് ചെയ്യുന്ന തിരക്കേറിയ സ്റ്റേഷനുകളിലൊന്നാണ് വടകര. മലപ്പുറം ജില്ലയിലെ തിരൂരിന് ന്യായമായും അര്‍ഹതപ്പെട്ട സ്റ്റോപ്പാണ്. അതും അനുവദിച്ചിട്ടില്ല. തിരിച്ചുള്ള ട്രെയിന്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെടും. തിങ്കളാഴ്ച പുലര്‍ച്ചെ 5.50ന് മംഗളൂരുവിലെത്തും.
എസിയും സ്ലീപ്പറും ജനറലും ഉള്‍പ്പെടെ 22 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.പാസഞ്ചര്‍ അസോസിയേഷനുകളും യാത്രക്കാരും മംഗളൂരു – രാമേശ്വരം ട്രെയിനിനായി നിരന്തരമായി ആവശ്യം ഉന്നയിച്ചിരുന്നു. പഴനി, മധുര, ഏര്‍വാടി തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നവര്‍ക്കും ഈ ട്രെയിന്‍ പ്രയോജനപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
