
ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എതിരാളികളായ ബംഗ്ലാദേശിനെ 49.4 ഓവറില്‍ 228 റണ്‍സിന് ഇന്ത്യ പുറത്താക്കി. 36ന് അഞ്ച് എന്ന പരിതാപകരമായ നിലയില്‍ നിന്ന് സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയ് 100(118), അര്‍ദ്ധ സെഞ്ച്വറി നേടിയ ജാക്കര്‍ അലി 68(114) എന്നിവരാണ് ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 154 റണ്‍സാണ്. വെറും നാല് ബാറ്റര്‍മാര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നത്.
ടോസ് നേടിയ ബംഗ്ലാദേശ് നായകന് നജ്മുള്‍ ഹുസൈന് ഷാന്റോ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍മാരില്‍ ഒരാളായ സൗമ്യ സര്‍ക്കാരിനെ മടക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. രണ്ടാം ഓവറില്‍ ഷാന്റോയെ പുറത്താക്കി ഹര്‍ഷിത് റാണ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. റണ്ണൊന്നും നേടാതെയാണ് സര്‍ക്കാരും ഷാന്ോയും കൂടാരം കയറിയത്. മെഹ്ദി ഹസന് മിറാസ് 5(10) മറ്റൊരു ഓപ്പണര്‍ തന്‍സീദ് ഹസന് തമീം 25(25), വെറ്ററന്‍ ബാറ്റര്‍ മുഷ്ഫിഖ്വര്‍ റഹീം 0(1) എന്നിവരും പെട്ടെന്ന് പുറത്തായി.
8.5 ഓവറില്‍ 35-5 എന്ന നിലയില്‍ ജാക്കര്‍ അലി ക്രീസിലെത്തുമ്പോള്‍ അക്സര്‍ പട്ടേലിന് അത് ഹാട്രിക് നേടാനുള്ള അവസരം. എന്നാല്‍ ഒന്നാം സ്ലിപ്പില്‍ നായകന് രോഹിത് ശര്‍മ്മ അനായാസ ക്യാച്ച് നിലത്തിട്ടപ്പോള്‍ അക്സറിന് നഷ്ടപ്പെട്ടത് അര്‍ഹിച്ച ഹാട്രിക്. പിന്നീട് ജാക്കര്‍ 68 റണ്‍സ് നേടിയത് ബംഗ്ലാദേശിന് തുണയായി മാറി. റാഷിദ് ഹുസൈന് 18(12), തന്‍സീം ഹസന് സക്കീബ് 0(4) താസ്കിന്‍ അഹമ്മദ് 3(6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകള്‍. മുസ്താഫിസുര്‍ റഹ്മാന് 0* പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണയ്ക്ക് മൂന്നും അക്സര്‍ പട്ടേലിന് രണ്ടും വിക്കറ്റുകള്‍ വീതം ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]