
കോട്ടയം: വേനൽ ശക്തമായി ജല സ്രോതസുകൾ വറ്റി തുടങ്ങിയതോടെ കുടിവെള്ളമെന്ന പേരിൽ ടാങ്കറുകളിലടക്കം വിതരണം ചെയ്യുന്നത് മലിനജലമെന്ന പരാതി വ്യാപകമാകുമായിട്ടും അധികൃതർക്ക് അനക്കമില്ല. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കർശന നടപടികൾ ഉണ്ടാകണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പരിശോധനാ സംവിധാനമില്ല. കുടിവെള്ള സംഭരണികളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്ന്നതോടെ പാറമടകളിൽ കെട്ടി കിടക്കുന്ന വെള്ളം വരെ കുടിവെള്ളമെന്ന പേരിൽ വിതരണം ചെയ്യുന്നതായാണ് പരാതി. വറ്റിയ കിണറുകൾ റീഫിൽ ചെയ്യുന്നതിനും ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്.
ജല അതോറിട്ടി സ്റ്റേഷനുകൾ വഴി മാത്രം കുടിവെള്ള വിതരണം നടത്തിയാൽ മതിയെന്നാണ് ജില്ലാ ഭരണകൂടങ്ങൾക്ക് ലഭിച്ചിരിക്കുന്ന സർക്കാർ നിർദ്ദേശം. പി.വി.സി, പ്ളാസ്റ്റിക് നിർമ്മിത ടാങ്കറുകൾ വഴി കുടിവെള്ളം വിതരണം ചെയ്യരുതെന്നും ലൈസൻസില്ലാതെ കുടിവെള്ളം വിതരണം ചെയുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും നിർദ്ദേശമുണ്ടെങ്കിലും പരിശോധനാ സംവിധാനമില്ലാത്തത് കുടിവെള്ള ലോബിക്ക് നേട്ടമാകുന്നു .
സർക്കാർ നിബന്ധനകൾ നിരവധി, പക്ഷേ വാഹനങ്ങളിലെ കുടിവെള്ള വിതരണത്തിന് സർക്കാർ നിബന്ധനകൾ ഒത്തിരിയിട്ടുണ്ട്
#കുടിവെള്ളം, വ്യാവസായിക നിർമാണ ആവശ്യങ്ങൾക്കായുള്ള ജലവിതരണ ടാങ്കറുകളും അതാത് തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കണം.
# ലൈസൻസ് എടുക്കാത്ത വാഹനങ്ങൾ അനധികൃത വാഹനങ്ങൾ ആയി കണക്കാക്കി 25,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ഈടാക്കും .
#ശേഖരിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നത് ജല അതോറിട്ടി ആയിരിക്കും.
#രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കണം. പരിശോധനയ്ക്ക് ശേഷമാണ് ലൈസൻസ് ഫീസ് അടയ്ക്കേണ്ടത്.
#ഫില്ലിംഗ് സ്റ്റേഷനുകളിലെ ജലത്തിന്റെ ഗുണനിലവാരം പ്രതിദിനം ജല അതോറിട്ടി ഉറപ്പാക്കണം
#കുടിവെള്ള ടാങ്കറുകളിൽ നിന്നുള്ള സാമ്പിളുകൾ മൂന്നു മാസത്തിലൊരിക്കൽ പരിശോധിക്കണം.
നിബന്ധനകൾ നീളുമ്പോഴും കുടിവെള്ള ലോബിയിൽ നിന്നു കമ്മീഷൻ പറ്റിയുള്ള വഴിപാട് പരിശോധനയേനടക്കുന്നുള്ളു എന്നാണ് ആരോപണം.
തണ്ണീർ മുക്കം ബണ്ട് അടച്ചെങ്കിലും ആറുകളിലും തോടുകളിലും ഉപ്പുവെള്ളം ഒഴുകി എത്തിയതോടെ കുടിക്കാനും കുളിക്കാനും തുണി അലക്കാനും കഴിയാത്തത് പടിഞ്ഞാറൻ മേഖലയിലും അപ്പർ കുട്ടനാട്ടിലും കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. കൂടിയ വില നൽകിയാലും ശുദ്ധജലം ലഭ്യമല്ലാത്ത സ്ഥിതിയാണ് . ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ഇല്ലാത്തതാണ് .
സദാനന്ദൻ കുമരകം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]