
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾക്കായി അമേരിക്ക നൽകിവന്ന 21 മില്യണിന്റെ ധനസഹായം റദ്ദാക്കിയതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) നിർദേശപ്രകാരമായിരുന്നു റദ്ദാക്കൽ നടപടി.
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്താണ് ഗ്രാന്റ് ആരംഭിച്ചത്. ‘ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 21 മില്യൺ ഡോളർ നമ്മൾ ചെലവഴിക്കേണ്ടതുണ്ടോ? മറ്റാരെയോ തിരഞ്ഞെടുക്കാൻ വേണ്ടിയാണ് അവർ (ബൈഡൻ ഭരണകൂടം) ശ്രമം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്.
ഇക്കാര്യം ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്’- എന്നാണ് ട്രംപ് പ്രതികരിച്ചത്. മയാമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് എന്തിനാണ് ഇത്രയും ഫണ്ട് നൽകിയതെന്ന് നേരത്തെയും ട്രംപ് ചോദിച്ചിരുന്നു. ഇന്ത്യക്ക് എന്തിന് 21 മില്യൺ ഡോളർ നൽകണം.
അവർക്ക് ആവശ്യത്തിന് പണമുണ്ട്. ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഇന്ത്യയോടും പ്രധാനമന്ത്രിയോടും ബഹുമാനമുണ്ട്. പക്ഷേ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇത്രയും പണം നൽകുന്നത് എന്തിനാണ് എന്നായിരുന്നു ട്രംപ് ചോദിച്ചത്.
തിരഞ്ഞെടുപ്പുകൾക്കും രാഷ്ട്രീയ പ്രക്രിയകൾ ശക്തിപ്പെടുത്തലിനുമുള്ള കൺസോർഷ്യത്തിന് അനുവദിച്ച 486 മില്യൺ ഡോളറിന്റെ വലിയ ബഡ്ജറ്റിന്റെ ഭാഗമായിരുന്നു 21 മില്യൺ ഡോളർ ഗ്രാന്റ് എന്നാണ് ഡോജ് അറിയിച്ചത്. സർക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നികുതിദായകരുടെ പണം “സംശയാസ്പദമായ” വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗ്രാന്റ് റദ്ദാക്കൽ എന്നാണ് മസ്കിന്റെ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]