
ബ്രസീലിയ: പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിൽ കുത്തിവച്ച 14കാരൻ മരിച്ചു. ബ്രസീലിലാണ് സംഭവം. ഡേവി ന്യൂൺസ് മൊറേറ എന്ന കുട്ടിയാണ് മരിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചലഞ്ചിന്റെ ഭാഗമായാണ് കുട്ടി പൂമ്പാറ്റയുടെ ജഡം ശരീരത്തിൽ കുത്തിവച്ചതെന്നാണ് പൊലീസ് അറിയിച്ചത്.
പ്രാണിയുടെ അവശിഷ്ടം കുത്തിവച്ചതിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ട ഡേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. പൂമ്പാറ്റയുടെ ജഡം വെള്ളത്തിൽ കലർത്തിയതിനുശേഷം ആ വെള്ളം കാൽ ഞരമ്പിൽ കുത്തിവച്ചന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയത്. അലർജിയോ അണുബാധയോ രക്തധമനിയിലുണ്ടായ തടസമോ ആകാം മരണകാരണമെന്നാണ് നിഗമനം.
പൂമ്പാറ്റയുടെ അവശിഷ്ടം കലർത്തിയ വെള്ളത്തിലെ വിഷാംശമാകാം മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരം സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലേക്ക് കടന്നിരുന്നു. അവയവങ്ങളുടെ പ്രവർത്തന വൈകല്യത്തിനും രക്തസമ്മർദ്ദം അപകടകരമാം വിധം കുറയുന്നതിനും കാരണമാകുന്ന അണുബാധ സംബന്ധമായ അവസ്ഥയാണ് സെപ്റ്റിക് ഷോക്ക്.
അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളതും ജീവന് ഭീഷണിയാകുന്നതുമായ അവസ്ഥയാണിത്. രക്തസമ്മർദ്ദം കുറയുക, വിളറിയതും തണുത്തതുമായ കൈകാലുകൾ, വിറയൽ, ശ്വസിക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിന്റെ അളവ് കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ. അതേസമയം, പൂർണമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുട്ടിയുടെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]