
തൃപ്രയാർ: ലഹരിയുമായി ഒരു വിദ്യാർത്ഥി പിടിയിലാകുമ്പോഴാണ് പൊലീസ് കുട്ടിയുടെ വീട്ടിലേക്ക് ബന്ധപ്പെടുന്നത്. “മോൻ കിടന്നുറങ്ങുന്നുണ്ടല്ലോ “എന്നായിരുന്നു അമ്മയുടെ മറുപടി. “മോൻ ഇവിടെയുണ്ടെന്നായി” പൊലീസ്. ഇതോടെ വീട്ടമ്മ കരച്ചിലായി. “സാറേ, എനിക്ക് പേടിയാണ് ഇക്കാര്യം പുറത്തുപറയാൻ”. പല വീട്ടമ്മമാരും കാര്യം അറിയുന്നുണ്ടെങ്കിലും പുറത്തുപറയില്ല.
മുറിയിൽ കിടന്നുറങ്ങുന്ന മകൻ രാത്രി ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങും. ഗ്യാംഗായി ചുറ്റിക്കറങ്ങും. പൊലീസ് പിടിയിലാകുമ്പോളാണ് കാര്യം മനസിലാക്കുക. തീരദേശത്ത് വിദ്യാർത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ലഹരിക്ക് അടിമയാകുന്നതിൽ ഏറെ. തളിക്കുളം സ്നേഹതീരം ബീച്ച്, നിർമ്മാണ പ്രവർത്തനം നടക്കുന്ന ഹൈവേയുടെ വിജനമായ പ്രദേശം, തൃപ്രയാർ ഇൻഡോർ സ്റ്റേഡിയം പരിസരം എന്നിവിടങ്ങളെല്ലാം ലഹരിക്കാരുടെ താവളമാണ്. ഹൈവേയിലെ ആൾത്താമസമില്ലാത്ത വീടും ഇതിൽപെടും.
ബൈക്ക് ഹരമായ കുട്ടികൾക്ക് ലഹരിവിൽപ്പനക്കാർ ഓടിക്കാൻ നൽകും. വണ്ടി ഓടിക്കുന്നതോടൊപ്പം ലഹരിയുടെ വിൽപ്പനയുമുണ്ടാകും. സാമ്പത്തികമുള്ള വീടുകളിൽ നിന്നുള്ളവരും ഇങ്ങനെ പെടാറുണ്ടെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് പലപ്പോഴും കുട്ടികളെ ലഹരിയിലേക്ക് അടുപ്പിക്കുന്നത്. കഴിഞ്ഞദിവസം റെന്റ് എ കാറുമായി ബീച്ചിലേക്ക് പോയ വിദ്യാർത്ഥികളെ സംശയകരമായ സാഹചര്യത്തിൽ എക്സൈസ് പിടികൂടി കഞ്ചാവ് പിടിച്ചെടുത്തു. തളിക്കുളത്ത് നായ വളർത്തലിന്റെ മറവിൽ യുവതിയും പങ്കാളിയും കഞ്ചാവ് വിൽക്കുന്നതായി ആരോപണമുണ്ടായിരുന്നു.
നേരെ കുറ്റകൃത്യങ്ങളിലേക്ക് !
ലഹരിക്ക് അടിമകളാവുകയും മാഫിയാസംഘത്തിന്റെ കെണിയിലാവുകയും ചെയ്താൽ പലരും കുറ്റകൃത്യങ്ങളിൽ പെടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ടീനേജിൽ വില്ലൻ സ്വഭാവം കാണിക്കുന്ന കുട്ടികളെ മാഫിയകൾ കെണിയിലാക്കും. പിടിക്കപ്പെട്ടവരിൽ പലരും എറണാകുളത്ത് നിന്നും ബൈക്ക് മോഷ്ടിച്ചവരും കോയമ്പത്തൂരിൽ നിന്ന് ഫോൺ മോഷ്ടിച്ചവരുമൊക്കെയാണ്. ലഹരി ഉപയോഗത്തിനുള്ള പണത്തിനായാണ് മോഷണം. ബംഗളൂരുവിൽ നിന്നുമാണ് എം.ഡിഎം.എ ഉൾപ്പെടെയുള്ളവ എത്തുന്നത്. ചെറിയ അളവ് കഞ്ചാവിന് 500ഉം രാസലഹരിക്ക് 1500 രൂപയുമാണ് വില.
പ്രായപൂർത്തിയാകാത്തവർ
പിടിക്കപ്പെടുന്നവർ പലരും പ്രായപൂർത്തിയാവാത്തവരാണ്. ഇവരെ ജുവനൈൽ കോടതിയിലേക്കാണ് വിടുക. പിടിച്ചെടുക്കുന്നത് ചെറിയ അളവ് ലഹരിയായതിനാൽ ചെറിയ ഫൈൻ അടപ്പിച്ച് വിടും. പിന്നീട് മോഷണത്തിനൊക്കെയാണ് ഇവർ പിടിക്കപ്പെടുക. സംഘങ്ങളായി അടിപിടിയുണ്ടാക്കിയും ഇവർ പിടിക്കപ്പെടാറുണ്ട്.
കുട്ടികളിലെ മയക്കുമരുന്ന്, സിന്തറ്റിക്ക് ഡ്രഗുകളുടെ ഉപയോഗം സമൂഹത്തിന് തന്നെ വെല്ലുവിളിയും ഭീഷണിയുമായിക്കൊണ്ടിരിക്കുകയാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സമൂഹം ഒന്നടങ്കം ഉണർന്ന് പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയും ഇതിന് അനിവാര്യമാണ്.
-എം.കെ.രമേഷ് (എസ്.എച്ച്.ഒ, വലപ്പാട്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]