
ഒരു സമയത്ത് മമ്മൂട്ടിയെപ്പോലെ ജീവിക്കാൻ ആഗ്രഹിച്ച നടനായിരുന്നു വിക്രമെന്ന് വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രമേശ്. ആദ്യസമയങ്ങളിൽ മമ്മൂട്ടി അഭിനയിച്ച നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച വ്യക്തിയാണ് മണക്കാട് രമേശ്. മറ്റ് മുൻനിര നടൻമാർക്കില്ലാത്ത വലിയൊരു ഗുണം മമ്മൂട്ടിക്കുണ്ടെന്നും രമേശ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
”ആ രാത്രി’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയം മുതൽക്കേ എനിക്ക് മമ്മൂട്ടിയേ അറിയാം. ലാലു അലക്സിന്റെ ആദ്യ ചിത്രമായിരുന്നു അത്. അദ്ദേഹവുമായി ഒരുപാട് സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചു. അങ്ങനെയാണ് സൗഹൃദം വളർന്നത്. അഭിനയിക്കുന്ന എല്ലാ സിനിമകളുടെയും അണിയറ പ്രവർത്തകരോട് കൂടുതൽ സമയം സംസാരിക്കുന്ന സ്വഭാവം മമ്മൂട്ടിക്കുണ്ടായിരുന്നു. കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടിയായിരുന്നു അത്. സിനിമയുടെ സാദ്ധ്യതകൾ മനസിലാക്കാൻ വേണ്ടിയാണ് അദ്ദേഹം പലരോടും സംസാരിച്ചിരുന്നത്. ആദ്യമൊന്നും എനിക്ക് മമ്മൂട്ടിയുടെ ആ സ്വഭാവം അറിയില്ലായിരുന്നു.
മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങൾ ബോക്സോഫീസിൽ വിജയിച്ചാലും പരാജയപ്പെട്ടാലും അതിനുളള കാരണങ്ങൾ എന്നെ പോലുളളവരോട് ചോദിച്ച് മനസിലാക്കുമായിരുന്നു. എന്നിട്ട് ആ മാറ്റങ്ങൾ വരുത്തിയാണ് പുതിയ ചിത്രങ്ങൾക്കായി മമ്മൂട്ടി തയ്യാറെടുക്കാറുളളത്. അഭിനയരീതിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച സിനിമകൾ എവിടെയൊക്കെയാണ് അവതരിപ്പിക്കുന്നത്? എപ്പോഴാണ് എന്നെല്ലാം അറിയാൻ ഭയങ്കര ആകാംഷയാണ്. പരീക്ഷ എഴുതിയിട്ട് കുട്ടികൾ ചോദ്യപേപ്പർ നോക്കി കിട്ടാൻ പോകുന്ന മാർക്ക് കൂട്ടുമല്ലോ, അതുപോലെയായിരുന്നു മമ്മൂട്ടി. ഒരു സമയത്ത് മമ്മൂട്ടിയുടെ വലം കൈ വാഴൂർ ജോസായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയാള സിനിമയിൽ അഭിനയിക്കാൻ നടൻ വിക്രം അവസരം നോക്കി നടക്കുന്ന സമയമായിരുന്നു. സൈന്യം എന്ന ചിത്രത്തിൽ വിക്രം അഭിനയിച്ചിരുന്നു. മലയാളത്തിൽ അന്ന് ചെറിയ വേഷങ്ങളായിരുന്നു വിക്രം ചെയ്തിരുന്നത്. അന്ന് പല വേഷങ്ങളും കിട്ടാൻ വേണ്ടി വിക്രം എന്റെ സഹായം തേടിയിട്ടുണ്ട്. സൈന്യം സിനിമയിൽ അഭിനയിച്ചതിന് വിക്രമിന് 4500 രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ആ പണവും കൊണ്ട് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് വിക്രം പോയത് ഞാൻ ഓർക്കുന്നു. തിരുവനന്തപുരത്ത് സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ മമ്മൂട്ടിയെ പണ്ടേ വലിയ ഹോട്ടലായ പങ്കജിലായിരുന്നു താമസിപ്പിച്ചിരുന്നത്. വിക്രമിനെ ചെറിയൊരു ലോഡ്ജിലും താമസിപ്പിച്ചിരുന്നു. അന്ന് വിക്രമിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ പോലെ ജീവിക്കണമെന്നായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം പ്രതീക്ഷിച്ചതിലും ഉയർന്നില്ലേ’-രമേശ് പറഞ്ഞു.