
.news-body p a {width: auto;float: none;}
ലക്നൗ: മഹാ കുംഭമേളയിലെത്തിയ സ്ത്രീകളുടെ അപകീർത്തികരമായ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വിൽപനയ്ക്ക്. ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുകയും വിൽക്കുകയും ചെയ്ത രണ്ട് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.
കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ ചില പ്ളാറ്റ്ഫോമുകൾ അപ്ലോഡ് ചെയ്യുന്നത് സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ കോട്വാലി കുംഭ മേള പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വനിതാ തീർത്ഥാടകരുടെ വീഡിയോകൾ പങ്കുവച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കഴിഞ്ഞ ഫെബ്രുവരി 17ന് കേസെടുത്തിരുന്നു. വിഷയത്തിൽ മെറ്റയോട് വിവരങ്ങൾ തേടിയതായും പൊലീസ് പറഞ്ഞു. സമാന വീഡിയോകൾ വിൽപനയ്ക്കുവച്ച ടെലിഗ്രാം ചാനലിനെതിരെ ഇന്നലെയാണ് കേസെടുത്തത്.
മഹാകുംഭമേളയിൽ രാഷ്ട്രീയ, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖരടക്കം ഇതിനകം 50 കോടിയിലേറെപ്പേരാണ് പങ്കെടുത്തത്. ജനുവരി 13ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം കുംഭമേളയ്ക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 60 റെയിൽവേ സ്റ്റേഷനുകളെ ഹൈട്രാഫിക് സ്റ്റേഷനുകളായി റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഇവിടെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സംവിധാനമൊരുക്കും. ഭക്തരെ ട്രെയിൻ വരുന്നതു വരെ പ്രത്യേക മേഖലകളിൽ (ഹോൾഡിംഗ് ഏരിയ) ഇരുത്തും. ഘട്ടംഘട്ടമായി പ്ലാറ്റ്ഫോമുകളിലേക്ക് കടത്തിവിടും. പ്രയാഗ്രാജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ടുകളിലെ 35 സ്റ്റേഷനുകളിൽ 24 മണിക്കൂർ നിരീക്ഷണത്തിനായി വാർ റൂം സജ്ജീകരിക്കും. 200 പുതിയ സിസി.ടിവികൾ സ്ഥാപിച്ചുതുടങ്ങി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ.