
കൊച്ചി: ഇന്ത്യൻ പ്രതിരോധമേഖലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ ചാര സംഘടനയ്ക്ക് ചോർത്തി നൽകിയെന്ന കേസിൽ മലയാളിയടക്കം മൂന്ന് പേർ കൂടി പിടിയിലായി. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) പ്രതികളെ അറസ്റ്റ് ചെയ്തത്. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയ്നി കടമക്കുടി സ്വദേശി പിഎ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയിൽ നിന്നുളള വേതൻ ലക്ഷ്മൺ ടൻഡൽ, അക്ഷയ് രവി നായിക് എന്നിവരെയും എൻഐഎ അറസ്റ്റ്ചെയ്തിട്ടുണ്ട്.
കേസിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി നാവികത്താവളത്തിലും കാർവാർ നാവികത്താവളത്തിലുമുള്ള ഇന്ത്യൻ പ്രതിരോധസ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്നാണ് കേസ്. അറസ്റ്റിലായ മൂന്ന് പ്രതികളും കാർവാർ താവളത്തിന്റെ ചിത്രങ്ങളും നാവികനീക്കങ്ങളുടെ വിശദാംശങ്ങളും പാകിസ്ഥാൻ ചാരസംഘടനയക്ക്ക് നൽകിയിട്ടുണ്ട്. ഇതിന് പ്രതിഫലമായി പണം സ്വീകരിച്ചതായും എൻഐഎ കണ്ടെത്തി.
കഴിഞ്ഞ വർഷം വിശാഖപട്ടണം കപ്പൽശാലയിലെ വിവരങ്ങൾ പാകിസ്ഥാന് ചോർത്തിയെന്ന കേസിൽ അഭിലാഷിനെയും കൊച്ചി കപ്പൽശാലയിലെ വെൽഡർ കം ഫിറ്ററായ തിരുവനന്തപുരം സ്വദേശി അഭിഷേകിനെയും എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങൾ കൈമാറിയെന്നായിരുന്നു കേസ്. എന്നാൽ ഈ കേസിൽ മതിയായ തെളിവ് ലഭിക്കാത്തതിനാൽ അഭിലാഷിനെ വിട്ടയച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]