
പാലക്കാട്:പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചു. ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാൽ മയക്കുവെടിവെച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമും സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ, ഇതിനിടെ അര്‍ധരാത്രി 12.20ഓടെ പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കുകയായിരുന്നു. ആറര മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിക്കാനായത്.
വയനാട് തലപ്പുഴയിൽ കടുവയ്ക്കായി ഇന്ന് തെരച്ചിൽ
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് തലപ്പുഴയിൽ ഇന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടക്കും .രാവിലെ ഒമ്പതു മണി മുതലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ തെരച്ചിൽ നടക്കുക. വനാതിർത്തികളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി പത്തുമണിയോടെ അടയ്ക്കാനും രാത്രി ഏഴരയ്ക്കുശേഷം ഒറ്റപെട്ട സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണവും പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. കടുവയെ പിടികൂടാൻ സ്ഥലത്ത് നേരത്തെ കൂട് സ്ഥാപിച്ചിരുന്നു. കടുവയുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിലും കണ്ടെത്തിയിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]