
ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു 12ത്ത് ഫെയില്‍. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായത് വിക്രാന്ത് മസ്സേ എന്ന 36 കാരനായിരുന്നു. ഒടിടി റിലീസിന് ശേഷവും തിയറ്ററുകളില്‍ കാര്യമായി കളക്ഷന്‍ വന്നു എന്നതായിരുന്നു ചിത്രത്തിന്റെ വിജയത്തിലെ പ്രത്യേകത. 20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം തിയറ്ററുകളില്‍ 100 ദിവസത്തിലേറെ ഓടുകയും ഇന്ത്യയില്‍ നിന്ന് മാത്രം 67 കോടിയിലേറെ നേടുകയും ചെയ്തിരുന്നു. 2013 മുതല്‍ സിനിമയിലുള്ള വിക്രാന്ത് ശ്രദ്ധേയ വേഷങ്ങളില്‍ മുന്‍പും എത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കുറി ബോക്സ് ഓഫീസ് വിജയം കൂടി നേടാനായതിന്റെ സന്തോഷത്തിലാണ് ഈ യുവതാരം. സിനിമയില്‍ യാദൃശ്ചികമായി എത്തിയ ആളല്ല വിക്രാന്ത്. മറിച്ച് ഏറെ ആഗ്രഹിച്ച് എത്തിയതാണ്. താന്‍ കടന്നുവന്ന വഴികളിലെ കൗതുകകരമായ ചില വസ്തുതകള്‍ ഒരു പുതിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് വിക്രാന്ത് മസ്സേ അഭിനയരംഗത്തേക്ക് എത്തുന്നത്. 2007 ലായിരുന്നു ടെലിവിഷനിലെ അരങ്ങേറ്റം. നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ടെലിവിഷനില്‍ തിരക്കുള്ള നടനായിരുന്നു. വലിയ വരുമാനം ലഭിക്കുന്ന മേഖല ആയിരുന്നുവെങ്കിലും കാലം ചെന്നപ്പോള്‍ തനിക്ക് അത് മടുത്തെന്ന് വിക്രാന്ത് പറയുന്നു. “നല്ല വരുമാനം എനിക്ക് ടെലിവിഷനില്‍ നിന്ന് ലഭിച്ചിരുന്നു. 24-ാം വയസില്‍ സ്വന്തമായി വീട് വാങ്ങാന്‍ സാധിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അഭിനയിക്കുന്ന പരമ്പരകളിലെ മോശം ഉള്ളടക്കം മടുപ്പിച്ചുതുടങ്ങി. അഭിനയത്തില്‍ പുതിയ മേഖലകള്‍ തേടണമെന്ന ആഗ്രഹം കലശലായപ്പോഴാണ് സിനിമയ്ക്കുവേണ്ടി ടെലിവിഷന്‍ മേഖല വിട്ടത്”, വിക്രാന്ത് പറയുന്നു.
സിനിമയ്ക്കുവേണ്ടി ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ ആണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറയുന്നു. “അതുവരെയുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതിന് ശേഷമാണ് ജീവിതത്തിലെ ഈ നിര്‍ണായക തീരുമാനം എടുത്തത്. ഇനിയും അത് എടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലയായിരുന്നു”. സിനിമയില്‍ അവസരം തേടലല്ലാതെ മറ്റ് ജോലിയൊന്നുമില്ലാതെ ഒരു വര്‍ഷത്തോളം മുന്നോട്ട് പോയെന്നും അപ്പോഴേക്ക് സാമ്പത്തിക പ്രയാസം നേരിട്ടെന്നും വിക്രാന്ത് പറയുന്നു. ആ സമയത്താണ് ടെലിവിഷന്‍ വിട്ടെന്ന കാര്യം ഭാര്യയോട് പറഞ്ഞത് (ശീതള്‍ താക്കൂറുമായുള്ള വിവാഹം പിന്നീടായിരുന്നു). നാലഞ്ച് മാസം ഓഡിഷന് പോകാനും മറ്റുമുള്ള പണം തന്ന് സഹായിച്ചത് ശീതള്‍ ആയിരുന്നുവെന്നും വിക്രാന്ത് പറയുന്നു.
അതേസമയം കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎസ് റാങ്കിലേക്ക് എത്തിയ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രമാണ് 12 ത്ത് ഫെയില്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഡിസംബര്‍ 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും ചിത്രം എത്തി.
Last Updated Feb 19, 2024, 9:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]