
കൊച്ചി: ഇടപ്പള്ളി മൂത്തക്കുന്നം ദേശീയപാത വികസനത്തിന്റെ നിർമ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാർ. കൂനമ്മാവ് ജംഗ്ഷനിലടക്കം സർവ്വീസ് റോഡിന്റെ വീതി പകുതി പോലുമില്ലാത്തത് വലിയ ഗതാഗതകുരുക്കിന് വഴി വയ്ക്കുമെന്നാണ് ആശങ്ക. ജങ്ഷൻ കെട്ടിയടച്ചുള്ള മേൽപ്പാല നിർമാണത്തിനെതിരെ പ്രതിഷേധ സമരത്തിനാണ് നാട്ടുകാരുടെ നീക്കം. മൂത്തക്കുന്നത് നിന്ന് ഇടപ്പള്ളി വരെ 25 കിലോമീറ്റർ ആറ് വരിയായി ദേശീയപാത വികസിക്കുന്നു. വടക്കൻ കേരളത്തിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് പുതിയൊരു കവാടം കൂടിയാണ് ഇത് തുറക്കുന്നത്.
എന്നാൽ കൂനമ്മാവ് ജംഗ്ഷനിലടക്കം നടക്കുന്ന നിർമ്മാണങ്ങൾ അശാസ്ത്രീയമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ പില്ലർ മാതൃകയിൽ മേൽപ്പാലം വേണമെന്ന ആവശ്യം നിരസിച്ചു. ഇതിന് പിന്നാലെയാണ് സർവ്വീസ് റോഡിലെ അപാകത. ഏഴു മീറ്റർ എങ്കിലും വേണ്ട സർവീസ് റോഡിനു മൂന്നര മീറ്റർ മാത്രമാണ് ഇവിടെ വീതി. മൂന്നര മീറ്റർ സർവ്വീസ് റോഡിലൂടെ ബസ് ഉൾപ്പടെ വലിയ വാഹനങ്ങൾക്ക് പോകാൻ ആകില്ല. ഇത് അപകടങ്ങൾക്കും വഴി വയ്ക്കും. മാത്രമല്ല ആലുവയിലേക്കടക്കമുള്ള ബസ് റൂട്ടുകളുടെ നിലനിൽപ്പിനെയും ഇത് ബാധിക്കും.
സ്കൂളുകളും ആരാധനാലയങ്ങളുമുള്ള ഈ പ്രദേശത്ത് മേൽപ്പാലം അടച്ച് കെട്ടുന്നതും സർവ്വീസ് റോഡിന് വീതി ഇല്ലാത്തതും ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുമെന്നാണ് ആശങ്ക.നിർമ്മാണത്തിലും ചില പ്രശ്നങ്ങളുണ്ട്. ഓറിയന്റൽ സ്ട്രക്ച്ചറൽ എഞ്ചിനീയേഴ്സ് കമ്പനിക്കാണ് കരാർ. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നിർമ്മാണപുരോഗതി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സർവ്വീസ് റോഡിന്റെ വീതി കുറവ് മറ്റ് സ്ഥലങ്ങളിലും ഉണ്ടെന്നും ഈ പ്രദേശത്ത് നേരത്തെ തന്നെ പദ്ധതിയുടെ അലൈൻമെന്റിൽ ചർച്ചകൾ പൂർത്തിയാക്കിയിരുന്നുവെന്നും ഹൈബി ഈഡൻ എം പി പ്രതികരിച്ചു.
Last Updated Feb 20, 2024, 7:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]