
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുതിയ സര്‍വീസുകള്‍ നടത്താന്‍ താത്പര്യം അറിയിച്ച് വിമാനക്കമ്പനികള്‍. ക്വാലാംലപൂരിലേക്കും കൊളംബോയിലേക്കുമുള്‍പ്പെടെ പുതിയ സര്‍വീസുകള്‍ നടത്താമെന്ന് കരിപ്പൂരില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിമാനക്കമ്പനികള്‍ വ്യക്തമാക്കി. കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് കരിപ്പൂരില്‍ നിന്നും കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനായി ഉന്നത തലയോഗം ചേര്‍ന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പുറമേ എം പി മാരും വിമാനക്കമ്പനി പ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങേണ്ടതിന്റെ ആവശ്യകത ജനപ്രതിനിധികളും വിമാനത്താവള ഡയറക്ടറും കണക്കുകള്‍ നിരത്തി അവതരിപ്പിച്ചു. വരും മാസങ്ങളില്‍ കൂടുതല്‍ സര്‍വീസ് തുടങ്ങാനുള്ള താത്പര്യം വിമാനക്കമ്പനികളും പ്രകടിപ്പിച്ചു. എയര്‍ ഏഷ്യാ ബര്‍ഹാഡ് കരിപ്പൂരില്‍ നിന്നും ക്വാലാലംപൂരിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള ഫിറ്റ്സ് എയര്‍ കരിപ്പൂര്‍ കൊളംബോ ക്വാലാലംപൂര്‍ സര്‍വീസ് നടത്താനുള്ള ആലോചനയിലാണ്. ആകാശ എയര്‍ലൈന്‍സ് ,വിസ്താര എയര്‍ലൈന്‍സ് തുടങ്ങിയവയും കരിപ്പൂരില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇടക്കാലത്ത് നിര്‍ത്തിയ ദമാം സര്‍വീസ് വിന്റര്‍ സീസണില്‍ പുനരാരംഭിക്കുമെന്ന് ഇന്റിഗോ അധികൃതര്‍ യോഗത്തെ അറിയിച്ചു. നിലവില്‍ മുംബൈ, ചെന്നൈ, ദില്ലി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരില്‍ നിന്നും ആഭ്യന്തര സര്‍വീസുള്ളത്. ഇതിനു പുറമേ ഗോവ, ശ്രീനഗര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ താത്പര്യമുണ്ടെങ്കിലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതിയില്ലാത്തതും എയര്‍ക്രാഫ്റ്റുകളുടെ കുറവുമാണ് വിമാനക്കമ്പനികള്‍ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]