

First Published Feb 19, 2024, 4:04 PM IST
45-55 വയസ്സിനിടയിൽ ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളുടെ ശരീരത്തിന് വിവിധ മാറ്റങ്ങൾ ഉണ്ടാകുന്നു.
ആർത്തവവിരാമം അല്ലെങ്കിൽ ആർത്തവചക്രം അവസാനിക്കുമ്പോൾ സ്ത്രീയുടെ ശരീരം ഗുരുതരമായ ഹോർമോൺ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ഇത് ഉറക്കമില്ലായ്മ, ക്രമരഹിതമായ ഹൃദയമിടിപ്പ്, രാത്രിയിൽ വിയർപ്പ് എന്നിവയുൾപ്പെടെയുള്ള പല അസ്വസ്ഥകളും ഉണ്ടാക്കുന്നു.
ആർത്തവം അവസാനിച്ചതിന് ശേഷം പ്രത്യുൽപാദന ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവ കുറയുന്നത് സ്ത്രീകളിൽ ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങൾക്ക് കാരണമാകും. ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഈ ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നു. അത് കൊണ്ട് തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഈസ്ട്രജൻ്റെ അളവ് കുറയുന്നത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. കൂടാതെ, ഈസ്ട്രജൻ്റെ കുറഞ്ഞ അളവ് ശരീരഭാരം, ഉയർന്ന കൊളസ്ട്രോളിൻ്റെ അളവ്, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങളാണെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
ആർത്തവവിരാമത്തിനുശേഷം ഹൃദയാരോഗ്യത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം ശീലമാക്കുക. ധ്യാനമോ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങളോ പതിവാക്കുക…- ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലെ കെയർ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.വി.വിനോത് കുമാർ പറയുന്നു.
ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനം മൂലം ഹൃദ്രോഗ സാധ്യത കൂടുതലാണ്…- ദില്ലിയിലെ ഓഖ്ല റോഡിലെ ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രോഫിസിയോളജി ആൻഡ് കാർഡിയാക് പേസിംഗ് ഡയറക്ടർ ഡോ. അപർണ ജസ്വാൾ പറയുന്നു.
ആർത്തവവിരാമത്തിനു ശേഷമുള്ള ഹൃദയാഘാതം തടയാൻ ചെയ്യേണ്ടത്…
ഒന്ന്…
പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റ്, കൊളസ്ട്രോൾ, സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ, എന്നിവ പരിമിതപ്പെടുത്തുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
രണ്ട്…
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) സാധാരണ പരിധിയിൽ (18.5 മുതൽ 24.9 വരെ) സൂക്ഷിക്കുക.
മൂന്ന്…
പുകവലി ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാൽ പുകവലി ഉപേക്ഷിക്കാനും സെക്കൻഡ് ഹാൻഡ് സ്മോക്കിംഗ് ഒഴിവാക്കാനും വിദഗ്ധർ പറയുന്നു.
നാല്…
ആഴത്തിലുള്ള ശ്വസനം, ധ്യാനം, യോഗ തുടങ്ങിയവ ശീലമാക്കുക. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും.
അഞ്ച്…
ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിന് രക്തസമ്മർദ്ദവും കൊളസ്ട്രോളും പതിവായി പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
ആറ്…
ഡയറ്റ്, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് നിയന്ത്രിക്കുക.
ഏഴ്…
ഹൃദയാരോഗ്യത്തെ സഹായിക്കുന്നതിന് ദിവസവും 7-9 മണിക്കൂർ ഉറക്കം പ്രധാനമാണ്.
Last Updated Feb 19, 2024, 4:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]