
തൃശ്ശൂര്‍: ഭാര്യയുടെ വീടിന് യുവാവ് തീയിട്ടു. ചാലക്കുടി തച്ചുടപറമ്പിലാണ് സംഭവം. തച്ചുടപറമ്പ് സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് മരുമകൻ തീയിട്ടത്. മാതാപിതാക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ ആര്‍ക്കും പരിക്കേറ്റില്ല. ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് ലിജോ സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. ദമ്പതികളുടെ മക്കൾ രണ്ട് പേരും ലിജോയ്ക്ക് ഒപ്പമാണ് താമസം. ഇന്ന് വൈകിട്ട് സ്കൂട്ടറിൽ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നു എന്നാണ് ബാലകൃഷ്ണനും ഭാര്യയും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ചാലക്കുടിയിൽ ഫോട്ടോഗ്രാഫറാണ് ലിജോ.
ബാലകൃഷ്ണന്റെ മൂന്നാമത്തെ മകളുടെ ഭര്‍ത്താവാണ് ലിജോ പോൾ. ഇദ്ദേഹവും ഭാര്യയും തമ്മിൽ ഏറെക്കാലമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ലിജോ പോൾ മകളെ ഉപദ്രവിച്ചിരുന്നെന്നും സംഭവം പൊലീസിടപെട്ട് രമ്യതയിൽ പരിഹരിച്ചതാണെന്നും ബാലകൃഷ്ണൻ പറയുന്നു. ഇവര്‍ തുടര്‍ന്ന് കൗൺസിലിംഗ് തേടിയെങ്കിലും ലിജോ ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാൽ മകളെ സഹോദരങ്ങൾ ചേര്‍ന്ന് ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മക്കളെ രണ്ട് പേരെയും ലിജോ പോളിന് ഒപ്പമാണ് താമസിപ്പിച്ചിരുന്നത്. കുറച്ച് ദിവസമായി ലിജോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ബാലകൃഷ്ണൻ പറയുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ലിജോ പോൾ തച്ചുടപ്പറമ്പിലെ വീട്ടിലെത്തിയത്. ഈ സമയത്ത് ബാലകൃഷ്ണൻ വീട്ടിലെ പൂന്തോട്ടത്തിൽ ചെടി നനയ്ക്കുകയായിരുന്നു. ഭാര്യ അകത്ത് പൂജാമുറിയിൽ വിളക്ക് വയ്ക്കുകയായിരുന്നു. ഇവര്‍ മൂവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് ലിജോ വീട്ടിൽ തീയിട്ടത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Last Updated Feb 19, 2024, 8:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]