മെൽബൺ: ടോയിലറ്റ് വൃത്തിയാക്കാനും നിലം തുടയ്ക്കാനുമൊക്കെ അണുനാശിനികൾ ഉപയോഗിക്കാത്തവരുണ്ടാകില്ല. ഇന്ന് പ്രചാരത്തിലുള്ള മിക്ക അണുനാശിനികളും 99.9 ശതമാനം അല്ലെങ്കിൽ 99.99 ശതമാനം അണുക്കളെ കൊല്ലുമെന്നാണ് അവകാശപ്പെടാറുള്ളത്.
നിങ്ങളുടെ ടോയ്ലറ്റിലെ 99 ശതമാനം അണുക്കളെയും കൊല്ലാം എന്നായിരിക്കും പല പരസ്യങ്ങളിലും പറയാറുള്ളത്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം അണുനാശിനികൾ നൂറ് ശതമാനം കീടങ്ങളെയും കൊല്ലുമെന്ന് അവകാശപ്പെടാത്തതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ശാസ്ത്ര ലോകം ഒരുപാട് പുരോഗമിച്ചുകഴിഞ്ഞു. അവിശ്വസനീയമായ നിരവധി കണ്ടുപിടിത്തങ്ങളുണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ് നൂറ് ശതമാനം കീടാണുക്കളെ കൊല്ലുന്ന അണുനാശിനി ആരും കണ്ടെത്താതെ പോയത്?
എന്താണ് അണുനാശിനി
വസ്തുക്കളിലെ ബാക്ടീരിയ, വൈറസുകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയെ കൊല്ലാനോ നിർജ്ജീവമാക്കാനോ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് അണുനാശിനി. നമ്മുടെ ചുറ്റുപാടും ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കൾ ഉണ്ട്. മിക്ക സൂക്ഷ്മാണുക്കളും ദോഷകരമല്ലെങ്കിലും (ചിലത് നമുക്ക് നല്ലതുമാണ്) ചിലത് നമ്മളെ ദോഷകരമായി ബാധിക്കും. അത്തരത്തിൽ ദോഷകരമായ സൂക്ഷ്മാണുക്കളെ കൊല്ലാനാണ് അണുനാശിനി ഉപയോഗിക്കുന്നത്.
രാസ അണുനാശിനികളിൽ ആൽക്കഹോൾ, ക്ലോറിൻ സംയുക്തങ്ങൾ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. ലാബിന് പുറത്ത് അണുനാശിനി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ താപനില, ഈർപ്പം അടക്കമുള്ള പല ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. ഇത് റിസൽട്ടിനെ സ്വാധീനിക്കാം.
ഇനി 100 ശതമാനം അണുക്കളെ കൊല്ലുന്നുവെന്ന് ഏതെങ്കിലും പരസ്യക്കമ്പനി അവകാശവാദമുന്നയിച്ചെന്നിരിക്കട്ടെ,ഗുണമേന്മയിൽ സംശയമുന്നയിച്ച് ആരെങ്കിലും പരാതി നൽകിയാൽ കമ്പനിക്ക് പണികിട്ടും.100 ശതമാനം അണുക്കളെ കൊല്ലുന്നുവെന്ന് അവകാശവാദമുന്നയിക്കാത്തതിന്റെ പ്രധാന കാരണം ഇതാണ്.
സൂക്ഷ്മാണുക്കളുടെ ഉന്മൂലനവും ഗണിതശാസ്ത്രവും
കൊവിഡ് കേസുകളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എക്സ്പോണൻഷ്യൽ ഗ്രോത്ത് (exponential growth ) എന്ന ആശയം നമുക്കെല്ലാവർക്കും പരിചിതമാണ്. ഉദാഹരണത്തിന് ആദ്യം ചെറിയ തോതിൽ കൊവിഡ് കേസുകൾ ഉണ്ടായി. എന്നാൽ പെട്ടെന്ന് കേസുകളുടെ എണ്ണം ഇരട്ടിയാകുന്ന അവസ്ഥ. അതേ രീതിയിൽ ബാക്ടീരിയകൾ പെരുകുന്നത് ഒന്നാലോചിച്ചുനോക്കൂ. 100 ബാക്ടീരിയകളുള്ള ഒരു കോളനി ഓരോ മണിക്കൂറിലും ഇരട്ടിയാകുന്നുവെങ്കിൽ, 24 മണിക്കൂറിനുള്ളിൽ ബാക്ടീരിയ1.5 ബില്യണിലധികം വരും.
logarithmic decay pattern പോലെയാണ് സൂക്ഷ്മാണുക്കളെ കൊല്ലുകയോ നിർജ്ജീവമാക്കുകയോ ചെയ്യുന്നത്. ഇത് എക്സ്പോണൻഷ്യൽ വളർച്ചയുടെ വിപരീതമാണ്. അതായത് കാലക്രമേണ സൂക്ഷ്മാണുക്കളുടെ എണ്ണം കുറയുന്നു. സൂക്ഷ്മാണുക്കളുടെ എണ്ണം കുറയുന്നതിനനുസരിച്ച് മരണനിരക്ക് മന്ദഗതിയിലാകുന്നു.
ഉദാഹരണത്തിന്, ഒരു പ്രത്യേക അണുനാശിനി ഓരോ മിനിറ്റിലും 90 ശതമാനം ബാക്ടീരിയകളെ കൊല്ലുകയാണെങ്കിൽ, ഒരു മിനിറ്റിനുശേഷം, യഥാർത്ഥ ബാക്ടീരിയയുടെ 10 ശതമാനം മാത്രമേ അവശേഷിക്കൂ. അടുത്ത മിനിട്ടുകളിൽ ശേഷിക്കുന്ന 10 ശതമാനത്തിൽ നിന്ന് വീണ്ടും ബാക്ടീരിയ പെരുകുന്നു.
logarithmic decay pattern പ്രകാരം നിങ്ങൾക്ക് ഏതെങ്കിലും സൂക്ഷ്മജീവികളുടെ 100 ശതമാനത്തെയും കൊല്ലാൻ കഴിയുമെന്ന് അവകാശപ്പെടാൻ കഴിയില്ല. എന്നാൽ കീടങ്ങളുടെ അളവ് കുറയ്ക്കാൻ കഴിയും അതുകൊണ്ടാണ് ഗാർഹിക ഉപയോഗത്തിനായി വിൽക്കുന്ന മിക്ക അണുനാശിനികളും സൂചിപ്പിക്കുന്നത് അവ 99.9 ശതമാനം രോഗാണുക്കളെയും നശിപ്പിക്കുന്നു എന്നാണ്. ഹാൻഡ് സാനിറ്റൈസർ പോലുള്ളവ 99.9 ശതമാനം വരെ കീടങ്ങളെ കൊല്ലുന്നുവെന്ന് മാത്രമേ അവകാശപ്പെടാറുള്ളൂ. ഇവിടെയും ഇതേ പ്രിൻസിപ്പൽ ആണ് പിന്തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിന്തിക്കേണ്ട കാര്യം
ഒരു അണുനാശിനി ഉപരിതലത്തിൽ നിന്ന് സൂക്ഷ്മാണുക്കളെ നീക്കം ചെയ്യാൻ എത്രത്തോളം സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട മറ്റ് നിരവധി ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു പ്രതലത്തിലോ വസ്തുവിലോ 100 സൂക്ഷ്മാണുക്കൾ ഉണ്ടെന്ന് കരുതുക. അതിൽ 99.9 ശതമാനവും അണുനാശിനി ഉപയോഗിച്ച് നീക്കം ചെയ്താൽ, ആ ഉപരിതലത്തിൽ നിന്നോ വസ്തുവിൽ നിന്നോ എല്ലാ സൂക്ഷ്മാണുക്കളെയും ഫലപ്രദമായി നീക്കം ചെയ്തുവെന്ന് നിങ്ങൾക്ക് തോന്നും.
അത് നേരെ തിരിച്ചൊന്ന് ചിന്തിച്ചുനോക്കൂ, അതായത് ശതകോടിക്കണക്കിന് സൂക്ഷ്മാണുക്കൾ ഉണ്ടെന്ന് കരുതുക. ഇതിൽ 99.9 ശതമാനത്തെ അണുനാശിനി ഉപയോഗിച്ച് നശിപ്പിക്കുന്നു. എന്നിരുന്നാലും ഉപരിതലത്തിൽ ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കൾ അവശേഷിക്കുന്നുണ്ടെന്ന് അർത്ഥമാക്കാം.
സമയമാണ് മറ്റൊരു കാര്യം. പല ഗാർഹിക അണുനാശിനികളുടെയും ലേബലുകൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കുറച്ച് സമയം അണുനാശിനി വൃത്തിയാക്കേണ്ട സ്ഥലത്ത് (ടോയിലറ്റോ മറ്റോ) ഒഴിക്കണമെന്ന് കാണാം. കുറച്ച് സമയം കഴിഞ്ഞ് വേണം അത് തേച്ചുരച്ച് കഴുകാൻ അല്ലെങ്കിൽ കീടങ്ങൾ പോകണമെന്നില്ല.