ബോഡിബിൽഡിംഗ് ചെയ്യുന്ന നടൻമാർക്ക് അഭിനയിക്കാൻ അറിയില്ലെന്ന തെറ്റായധാരണ തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് നിലനിന്നിരുന്നതായി നടൻ റിയാസ് ഖാൻ. താൻ ബോഡിബിൽഡിംഗ് ചെയ്തതുകൊണ്ട് പല വേഷങ്ങളും കിട്ടാതെ പോയിട്ടുണ്ടെന്നും നടൻ പറഞ്ഞു. ഹിറ്റ് ചിത്രമായ മാർക്കോ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും റിയാസ് ഖാൻ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
‘മാർക്കോയിൽ ഞാനും ഉണ്ണിമുകുന്ദനുമായുളള കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ അതൊന്നും ഉണ്ടായിരുന്നില്ല. അത് സംവിധായകന്റെ തീരുമാനമാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു. പക്ഷെ ഒരു വലിയ ഹിറ്റ് ചിത്രത്തിൽ നിന്ന് മാറി പോകുമ്പോൾ സങ്കടം ഉണ്ടാകുമല്ലോ? അതിപ്പോൾ ആർക്കായാലും വിഷമമാകും.സിനിമയുടെ രണ്ടാം ഭാഗത്തിൽ ഞാൻ ഉണ്ടാകുമെന്ന് നിർമാതാവ് ഉറപ്പ് നൽകിയിട്ടുണ്ട്. ഇനി ആരെങ്കിലും മനഃപൂർവം ആ അവസരം തടഞ്ഞാലും കുഴപ്പമില്ല.
ബോഡിബിൽഡിംഗ് പണ്ടുമുതൽക്കേ ചെയ്യുമായിരുന്നു. എന്നെപ്പോലെ ഫിറ്റായ ആളുകൾക്ക് അഭിനയിക്കാൻ അറിയില്ലെന്ന ഒരു മനോഭാവം സൗത്ത് ഇന്ത്യൻ സിനിമകളിൽ ഉണ്ടായിരുന്നു. അത് എനിക്ക് അറിയില്ലായിരുന്നു. എന്റെ ഈ രൂപത്തിൽ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നു. മെയ്വഴക്കത്തോടെ കഥാപാത്രങ്ങൾ അഭിനയിക്കാൻ എനിക്ക് പറ്റില്ലെന്നായിരുന്നു പലരുടെയും വാദം. 33 വർഷങ്ങൾക്കുശേഷമാണ് സിനിമയിൽ ഈ മനോഭാവം മാറിയത്. സിനിമയുടെ തിരക്കഥകൾ ചർച്ച ചെയ്യുമ്പോൾ തന്നെ എന്റെ പേര് വന്നാൽ പലരും അത് വേണ്ടെന്ന് പറയുമായിരുന്നു.
മോഹൻലാൽ നായകനായ ബാലേട്ടൻ എന്റെ 70-ാമത്തെ ചിത്രമാണ്. പക്ഷെ എന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് ബാലേട്ടനിൽ അഭിനയിച്ചപ്പോഴായിരുന്നു. എല്ലാ ഭാഷയിലുളളവർക്കും ബാലേട്ടൻ റീമേക്ക് ചെയ്യണമെന്നുണ്ട്. പക്ഷെ അതിന് ചേരുന്ന നായകൻമാർ വേറെ ഭാഷയിൽ ഉണ്ടായിരുന്നില്ല. ബാലേട്ടന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ ഞാനും അഭിനയിച്ചിരുന്നു. എന്റെ ലുക്ക് വച്ചാണ് അവരൊക്കെ എന്നെ കാസ്റ്റ് ചെയ്തത്’- റിയാസ് ഖാൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]