മുംബയ്: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിജയ്ഹസാരെ ട്രോഫിയിൽ കളിക്കാത്തതുകൊണ്ടാണെന്നുള്ള വിവാദങ്ങൾ പുകയുമ്പോൾ താരത്തെ തഴഞ്ഞത് ക്യാപ്ടനും ചീഫ് സെലക്ടറുമാണെന്ന തരത്തിലുള്ള റിപ്പോട്ടുകളും പുറത്തുവന്നു. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ സഞ്ജുവിനെ ടീമിലെടുക്കാൻ ശക്തമായി വാദിച്ചെന്നും എന്നാൽ രോഹിതും അഗാർക്കറും റിഷഭ് പന്ത് മതിയെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്നുമാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് തീരുമാനിച്ചിരുന്ന ടീമിനെ പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനം രണ്ടര മണിക്കൂറോളം വൈകാൻ കാരണം സ്ഞ്ജുവിന്റെ സെലക്ഷനും ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്ടനാക്കണമെന്നുമുള്ള ഗംഭീറിന്റെ ആവശ്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ കാരണമാണെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. രോഹിതും അഗാർക്കറും നേരത്തേ തന്നെ ടീം പ്രഖ്യാപനത്തിനായി എത്തിയെങ്കിലും ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസാന ഘട്ട ചർച്ച നീണ്ടതോടെ വാർത്താ സമ്മേളനവും വൈകിയെന്നാണ് മനസിലാക്കുന്നത്.
സഞ്ജുവും രാഹുലും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ടാകണമെന്നായിരുന്നു ഗംഭീറിന്റെ ആഗ്രഹം. എന്നാൽ ഇടംകൈയൻ ബാറ്ററായ പന്ത് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ആകണമെന്നായിരുന്നു രോഹിതിന്റെയും ഗംഭീറിന്റെയും നിലപാട്. ഇതംഗീകരിക്കപ്പെട്ടു.രാഹുൽ ബാക്കപ്പുമായി.
രോഹിതിന്റെ അഭാവത്തിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ നയിച്ചിട്ടുള്ള 2023 ലോകകപ്പിലും ഇന്ത്യൻടീമിന്റെ വൈസ് ക്യാപ്ടനായിരുന്ന ഹാർദിക് പാണ്ഡ്യയെ തന്നെ ചാമ്പ്യൻസ് ട്രോഫിയിലും ഉപനായകനാക്കണമന്ന ഗംഭീറിന്റെ ആവശ്യവും അഗാർക്കറും രോഹതും തള്ളി. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്ടനായാൽ മതിയെന്ന ഇരുവരുടേയും നിലപാട് അംഗീകരിക്കപ്പെട്ടു.
വിജയ് ഹസാരെ വിവാദം മുറുകുന്നു
അതേമയം വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജുവിനെ കേരളാ ടീമിലെടുക്കാതിരുന്നത് കേരളക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുള്ലവരുടെ ഈഗോ കാരണമാണെന്ന് ശശി തരൂർ എം.പി ഉൾപ്പെടെ കഴിഞ്ഞദിവം വിമർശിച്ചിരുന്നു. എന്നാൽ കാരണം പറയാതെ വിട്ടുനിന്നകൊണ്ടാണ് ഒഴിവാക്കിയതെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പ്രതികരിച്ചിരുന്നു. വിജയ് ഹസാരെയ്ക്കുള്ള 30അംഗ ടീമിൽ സഞ്ജുവുണ്ടായിരുന്നു.എന്നാൽ അതിനുമുമ്പ് നടത്തിയ ക്യാമ്പിൽ അദ്ദേഹം പങ്കെടുത്തില്ല. ക്യാമ്പിൽ പങ്കെടുക്കില്ലെന്ന ഒറ്രവരി സന്ദേശം മാത്രമാണ് അദ്ദേഹം കെ.സി.എ സെക്രട്ടറിക്ക് അയച്ചത്. കാരണം വ്യക്തമാക്കിയുമില്ല. എത്ര വലിയ താരമായാലും കെ.സി.എയ്ക്ക് ഒരു പോളിസിയുണ്ട്. സഞ്ജുവിന് തോന്നുനമ്പോൾ കളിക്കാനുള്ളതല്ല കേരളാ ടീം. വിജയ് ഹസാരെയിൽ കളിക്കാതിരുന്നതിന് സഞ്ജുവിനെതിരെ നടപടിയെടുത്തോയെന്ന് ബി.സി.സി.ഐ സി.ഇ.ഒ ചോദിച്ചിരുന്നു. ഇല്ലെന്നാണ് മറുപടി നൽകിയത്.
രഞ്ജിട്രോഫിക്കിടെ ഇങ്ങനെ കാരണം അറിയിക്കാതെ പിൻമാറിയിട്ടു നടപടിയെടുത്തിട്ടില്ല.- ജയേഷ് പറഞ്ഞു.
എന്നാൽ കെ.സി.എയിലെ ചിലവ്യക്തികളൾക്ക് മകനോട് വൈരാഗ്യമുണ്ടെന്നായിരുന്നു സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥിന്റെ പ്രതികരണം. വിജയ് ഹസാരെ ട്രോഫിയിൽ ക്യാമ്പിൽ പങ്കെടുക്കാത്തവരും കളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയേഷിനെപ്പോലുള്ലവരല്ല, മറ്റ് ചിലരാണ് സഞ്ജുവിനെതിര് നിക്കുന്നതെന്നും കെ.സി.എ ആണ് സഞ്ജുവിന്റെ ഉയർച്ചയ്ക്ക് പ്രധാന കാരണമായതന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]