
ദില്ലി: ശ്രീരാമമന്ദിർ അയോധ്യ പ്രസാദ് എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽക്കുകയും നിർമ്മാതാക്കളുടെ വിവരങ്ങൾ മറച്ചുവെക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് ആമസോണിനെതിരെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) വെള്ളിയാഴ്ച നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചതായി ആമസോൺ സ്ഥിരീകരിച്ചു. ചില വിൽപ്പനക്കാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റത് സംബന്ധിച്ച് സിസിപിഎയിൽ നിന്ന് നോട്ടീസ് ലഭിച്ചതായി ആമസോൺ വക്താവ് പറഞ്ഞു.
നിരവധി പേരാണ് മധുരപലഹാരം ആമസോണിൽ നിന്ന് വാങ്ങിയത്. എന്നാൽ, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തിൽ പ്രസാദം വിൽക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് ഉൽപ്പനം വിൽക്കുകയാണെന്നാണ് പരാതി. തുടർന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.
അയോധ്യ കേസിൽ വിധിപറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്ക് പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ 2019ലെ സുപ്രധാന വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ വിരമിച്ച അംഗങ്ങളെ 22-ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, എസ്എ ബോബ്ഡെ, ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർക്കാണ് ക്ഷണം. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ബെഞ്ചിൽ അംഗമായിരുന്നു.
ഒമ്പത് മുൻ സിജെഐമാരും ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പെടെ 50-ലധികം നിയമജ്ഞർ ക്ഷണിതാക്കളുടെ പട്ടികയിലുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, രാം ലല്ല വിരാജ്മാനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരനെയും ക്ഷണിച്ചിട്ടുണ്ട്.
2019 നവംബർ 9 ലെ വിധിയിൽ, ഭരണഘടനാ ബെഞ്ച് 2.77 ഏക്കർ തർക്കഭൂമി മുഴുവൻ രാം ലല്ല വിരാജ്മാന് കൈമാറി. സുന്നി സെൻട്രൽ വഖഫ് ബോർഡിന് മസ്ജിദ് നിർമിക്കാൻ മറ്റെവിടെയെങ്കിലും അഞ്ചേക്കർ സ്ഥലം നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുൻ സിജെഐ ഗൊഗോയ് ഇപ്പോൾ രാജ്യസഭാ എംപിയാണ്, അയോധ്യ വിധിക്ക് ഒമ്പത് ദിവസത്തിന് ശേഷം ചീഫ് ജസ്റ്റിസായി മാറിയ ജസ്റ്റിസ് ബോബ്ഡെ 2021 ഏപ്രിലിൽ വിരമിച്ചു. ജസ്റ്റിസ് ഭൂഷൺ 2021 ജൂലൈയിൽ വിരമിച്ചു. ജസ്റ്റിസ് നസീർ നിലവിൽ ആന്ധ്രപ്രദേശ് ഗവർണറാണ്.
Last Updated Jan 20, 2024, 9:48 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]