
ബെംഗളൂരു: ആന്ധ്രയിൽ സമഗ്ര ജാതി സെൻസസ് നടപ്പാക്കാൻ ജഗൻമോഹൻ റെഡ്ഡി സർക്കാർ. ഡോ. ബി ആർ അംബേദ്കറിന്റെ രാജ്യത്തെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്യുന്ന അതേ ദിവസമാണ് ജാതിസെൻസസ് നടപടികളും തുടങ്ങുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിലായി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ആന്ധ്രയിൽ ജഗൻമോഹൻ സർക്കാരിന്റെ പുതിയ നീക്കം നിർണായകമാവും.
സാമൂഹ്യനീതിയുടെ പ്രതീകമെന്നാണ് വിജയവാഡയിലെ സ്വരാജ് മൈതാനത്തിലുള്ള ഡോ. ബി ആർ അംബേദ്കറുടെ 206 അടി ഉയരമുള്ള പ്രതിമയ്ക്ക് ആന്ധ്ര സർക്കാർ പേര് നൽകിയിരിക്കുന്നത്. ഭരണഘടനാശിൽപിയുടെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളും പുസ്തകങ്ങളുടെ രൂപത്തിലുള്ള സംഭാവനകളും എല്ലാം പ്രദർശിപ്പിക്കുന്ന ബി ആർ അംബേദ്കർ എക്സ്പീരിയൻസ് സെന്ററും 2000 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്ററും 404 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഈ സമുച്ചയത്തിലുണ്ട്.
ഈ പ്രതിമ ഉദ്ഘാടനം ചെയ്യുന്ന അതേ ദിനം തന്നെയാണ് സംസ്ഥാനത്ത് സമഗ്ര ജാതിസെൻസസ് നടപടികൾ തുടങ്ങാൻ ജഗൻമോഹൻ സർക്കാർ തീരുമാനിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജാതി, മത വിഭാഗങ്ങളുടെയും സമ്പൂർണ സാമൂഹ്യ, സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്ന സമഗ്ര ജാതി സെൻസസുമായാണ് ജഗൻമോഹൻ മുന്നോട്ട് പോകുന്നത്.
ഗ്രാമസെക്രട്ടേറിയറ്റ് സംവിധാനം മുഴുവൻ ഉപയോഗിച്ചാകും സമഗ്ര ജാതിസെൻസസ് വിവരങ്ങൾ ശേഖരിക്കുക. ഇതിനായി സന്നദ്ധപ്രവർത്തകരെയും നിയോഗിക്കും. 139 പിന്നാക്ക വിഭാഗങ്ങളുടെ സെൻസസ് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞ വർഷം ആന്ധ്ര സർക്കാർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ പിന്നാക്ക വിഭാഗങ്ങളുടേത് മാത്രമല്ല, എല്ലാ ജാതി വിഭാഗങ്ങളുടെയും സെൻസസ് വിവരം ശേഖരിക്കാൻ പിന്നീട് സർക്കാർ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ജാതി, ജനസംഖ്യാ സെൻസസുകൾ ഒരുമിച്ച് നടപ്പാക്കണമെന്ന് ആന്ധ്ര നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തു. എന്നാൽ കേന്ദ്രം ഉടനൊന്നും ജാതിസെൻസസ് നടപ്പാക്കില്ല എന്നുറപ്പായതോടെയാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതിസെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ജഗൻമോഹൻ റെഡ്ഡി വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആന്ധ്രയിൽ ഈ ജാതിസെൻസസും പ്രധാന പ്രചാരണവിഷയമാക്കാൻ ഒരുങ്ങുകയാണ് വൈഎസ്ആർ കോൺഗ്രസ്.
Last Updated Jan 19, 2024, 3:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]