.news-body p a {width: auto;float: none;}
കൊച്ചി: സംസ്ഥാനത്ത് നാട്ടാനകൾ എത്രയുണ്ടെന്ന് കണ്ടെത്താൻ എല്ലാ ജില്ലകളിലും സർവേ നടത്തണമെന്ന് ഹൈക്കോടതി. ജില്ലാ കളക്ടർക്കും സോഷ്യൽ ഫോറസ്ട്രി ഡി.എഫ്.ഒയ്ക്കുമാണ് ചുമതല. ഓരോ ആനയുടെയും വിശദാംശമടങ്ങിയ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകണം. ഇത് ക്രോഡീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ആനകളുടെ പ്രായം എങ്ങനെ നിശ്ചയിക്കാനാകുമെന്നത് സംബന്ധിച്ച റിപ്പോർട്ടും നൽകണം. വിഷയം ജനുവരി 9 ന് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് 349 നാട്ടാനകൾ ഉള്ളതായാണ് കണക്ക്. ഇതിൽ 225 ആനകൾക്കു മാത്രമാണ് ഉടമസ്ഥതാ സർട്ടിഫിക്കറ്റ്. 124 ആനകൾക്കില്ല. ഇതിൽ എത്ര ആനകൾ ചെരിഞ്ഞിട്ടുണ്ടെന്ന് വ്യക്തമല്ല. കൃത്യവിവരങ്ങൾ ലഭ്യമാകാനാണ് സർവേ.
ഉടമസ്ഥതാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ പിടിച്ചെടുത്ത ആനകളെ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ഉടമകൾ നൽകിയ ഹർജികളാണ് കോടതിയിലുള്ളത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനകൾക്ക് സർട്ടിഫിക്കറ്റുണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു. ഉടമസ്ഥൻ മാറിയാൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]