
കൽപ്പറ്റ: ബിജെപി വിട്ട വയനാട് മുൻ ജില്ലാപ്രസിഡന്റ് കെ പി മധു കോൺഗ്രസിൽ ചേർന്നു. ഡിസിസി പ്രസിഡന്റ് എന് ഡി അപ്പച്ചന്, ടി സിദ്ദിഖ് എംഎല്എ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കോൺഗ്രസിൽ അംഗത്വം എടുത്തത്. കോൺഗ്രസിൽ ചേരാനുള്ള തീരുമാനം ഒറ്റദിവസംകൊണ്ട് എടുത്തതല്ലെന്നും ഏറെ നാളായി ഇതുസംബന്ധിച്ച് ആലോചനയിലായിരുന്നുവെന്നും പാർട്ടി അംഗത്വം സ്വീകരിച്ചശേഷം മധു മാദ്ധ്യമങ്ങളാേട് പറഞ്ഞു. കാേൺഗ്രസ് ഒരു ദേശീയപാർട്ടിയായതുകൊണ്ടും ദേശീയതയ്ക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതുകൊണ്ടുമാണ് കാേൺഗ്രസിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് ജില്ലാ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് മധുവിനെ ബിജെപി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മധു നേതൃത്വത്തോട് അകന്നതും ഒടുവിൽ പാർട്ടി വിട്ടതും.
മധുവിനെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യരും പ്രധാന പങ്കുവഹിച്ചിരുന്നു. കോൺഗ്രസിൽ ചേർന്നതുമുതൽ ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിൽ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു സന്ദീപ് വാര്യർ. ഇത് വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു. ബിജെപി വിട്ട് കോൺഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പും അദ്ദേഹം നൽകിയിരുന്നു. ബിജെപിയുമായി അകന്ന മധുവുമായി നിരന്തരം ബന്ധപ്പെട്ട് കോൺഗ്രസിൽ ചേരുന്ന കാര്യം ചർച്ചചെയ്തിരുന്നു. സന്ദീപ് വാര്യർ ബന്ധപ്പെട്ടുവെന്നും ആലോചിച്ച് മറുപടി അറിയിക്കാമെന്ന് പറഞ്ഞതായും കെ പി മധു തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മധുവിനെ എൽഡിഎഫിൽ എത്തിക്കാനുളള നീക്കവും സജീവമായിരുന്നു.
ജയം പ്രതീക്ഷിച്ചിരുന്ന പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയും കഴിഞ്ഞതവണത്തെക്കാൾ വോട്ട് കുറയുകയും ചെയ്തു. എന്നാൽ മറുവശത്ത് കോൺഗ്രസിനുവേണ്ടി മത്സരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഭൂരിപക്ഷം കാര്യമായി ഉയർത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് സന്ദീപ് വാര്യരെ പാർട്ടിയിൽ നിന്ന് പടിയിറക്കിയതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ബിജെപിക്കാർ ഉൾപ്പടെ പരസ്യമായി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സന്ദീപ് വാര്യർക്ക് തൊട്ടുപുറകേ മുതിർന്ന മറ്റൊരു ബിജെപി നേതാവ് കോൺഗ്രസിലേക്ക് എത്തിയത് അടുത്തുനടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും തുടർന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവർത്തകർക്ക് കൂടുതൽ ഉന്മേഷം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ഇത് ദേശീയ തലത്തിലും കോൺഗ്രസിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
അതേസമയം, കൂടുതൽ ബിജെപി നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് ചുവടുമാറുമോ എന്ന് സംസ്ഥാന നേതൃത്വത്തിന് ഭയമുണ്ട്. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏറെ ജനസ്വാധീനമുള്ള സന്ദീപ് വാര്യരെ പിണക്കി കോൺഗ്രസിലെത്തിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് പ്രവർത്തകരിൽ ഏറിയകൂറും പറഞ്ഞിരുന്നു. ഉന്നത നേതൃത്വം ഇടപെട്ട് പരസ്യപ്രസ്താവനങ്ങൾ വിലക്കിയതിനാൽ അസ്വാരസ്യങ്ങൾ ഇപ്പോൾ പുറംലോകം അറിയിന്നുല്ലെന്ന് മാത്രം. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട്ടുൾപ്പടെ ബിജെപിയുടെ പ്രകടനത്തെ ഇത് കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്.