.news-body p a {width: auto;float: none;}
സിനിമയിൽ അഭിനയം തുടരാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടൻ നിയാസ് ബക്കർ. ഇന്നത്തെ പല വലിയ താരങ്ങൾക്ക് ലഭിക്കാത്ത ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് നായകനായ ചിത്രത്തിൽ അഭിനയിച്ചതിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെന്നും നിയാസ് വ്യക്തമാക്കി. പുതിയ ചിത്രമായ ‘ഓഫ് റോഡിന്റെ’ പ്രമോഷൻ പരിപാടിക്കിടയിൽ കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു നിയാസ്.
‘ഭരതൻ സാർ സംവിധാനം ചെയ്ത സിനിമയിൽ ഒരു ചെറിയ വേഷം അഭിനയിച്ചാണ് ഞാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്നത്തെ പല വലിയ താരങ്ങൾക്കും കിട്ടാത്ത ഭാഗ്യമാണ് എനിക്ക് ലഭിച്ചത്.ഞാൻ പ്രധാന വേഷം ചെയ്ത ഒരു സിനിമയും വാപ്പ കണ്ടിട്ടില്ല. അതിനുമുൻപ് മരണപ്പെട്ടു. അതിനുശേഷമാണ് ദിലീപ് നായകനായ ‘ഇഷ്ടത്തിൽ’ പ്രധാനവേഷം ചെയ്തത്. ദിലീപിനോടൊത്ത് ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽമീഡിയയിൽ ആ സിനിമകളിലെ കോമഡി സീനുകൾ വന്നത് എനിക്ക് ഗുണം ചെയ്തു. സഹപ്രവർത്തകരെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ദിലീപ്. സിനിമയിൽ പിടിച്ച് നിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ആദ്യം ഞാൻ നാടകത്തിലായിരുന്നു. ഒരു നാടകം കളിക്കുന്നതിന് എനിക്ക് 200 രൂപയായിരുന്നു കിട്ടിയത്. ചിലപ്പോഴൊക്കെ നാടകം കിട്ടാത്ത സമയവും ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ദുരിതമായിരുന്നു’- നിയാസ് പറഞ്ഞു.