
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസയച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. രാജ്യസഭയിൽ ബിആർ അംബേദ്കറെ കുറിച്ച് അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തിന് പിന്നാലെയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകിയതെന്നാണ് എക്സ് വൃത്തങ്ങൾ അറിയിച്ചത്.
ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായ അംബേദ്കറെ അമിത് ഷാ അപമാനിച്ചുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച മുതൽ കോൺഗ്രസ് നേതാക്കൾ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ആരോപണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രംഗത്തെത്തി. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് അമിത് ഷായും പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. കോൺഗ്രസ് വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു. കോൺഗ്രസ് ബിആർ അംബേദ്കർ വിരുദ്ധരാണ്. ഭരണഘടനയ്ക്കും സംവരണത്തിനും അവർ എതിരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്രയും തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു’ എന്ന് അമിത് ഷാ പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. അംബേദ്കറെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നും ഭാരതരത്ന അദ്ദേഹത്തിന് നൽകാതിരിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചെന്നും അമിത് ഷാ ആരോപിച്ചു. നെഹ്റുവും ഇന്ദിരാഗാന്ധിയും സ്വയം ഭാരതരത്ന സമ്മാനിച്ചപ്പോൾ 1989ൽ തങ്ങൾക്കുകൂടി പങ്കാളിത്തമുള്ള സർക്കാരാണ് അംബേദ്കറിന് ഭാരതരത്ന നൽകിയതെന്നും അമിത് ഷാ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുൻ ഖാഗെ തുടങ്ങിയവരെല്ലാം ഈ വീഡിയോ പങ്കുവച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ ഈ പോസ്റ്റുകൾ ഇന്ത്യാ സഖ്യത്തിലെ നേതാക്കളും പങ്കുവച്ചു.