പത്തനംതിട്ട: മുറിഞ്ഞകല്ലിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ എട്ടു മണി മുതൽ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്കാരം. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി ശബരിമല തീർത്ഥാടകരുടെ ബസ്സിൽ കാർ ഇടിച്ചുകയറിയായിരുന്നു അപകടം.
പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയുമാണ് ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി 15ആം ദിവസം നിഖിലിന്റെയും അനുവിന്റെയും വേർപാട് ഒരു നാടിന്റെയാകെ ഉള്ളുലച്ചു. നവംബർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം കഴിഞ്ഞത്. സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ എല്ലാ സന്തോഷങ്ങളും അപകടം കവർന്നെടുത്തു. നിഖിലിനേയും അനുവിനേയും കൂട്ടാൻ എയർപോർട്ടിൽ എത്തിയത് മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു.
കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. അനുവിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തമുണ്ടായത്. പ്രത്യാശയുടെ ഈ ക്രിസ്മസ് കാലത്ത് രണ്ട് വീടുകൾക്ക് മുന്നിലും ക്രിസ്മസ് ട്രീകൾ ഉണ്ട്. പക്ഷേ അത് അലങ്കരിച്ചവരുടെ മുഖങ്ങളിൽ ഇന്ന് ആ പ്രത്യാശയില്ല.
അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറും പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]