ക്രിസ്തുമസിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ക്രിസ്തുമസിന് രുചികരമായ ക്യാരറ്റ് – ഈന്തപഴം കേക്ക് ചോക്ലേറ്റ് ഫ്ലേവറിൽ തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ചോക്ലേറ്റ് മിശ്രിതത്തിന്:
പാൽ – 1 കപ്പ്
വെണ്ണ – 80 ഗ്രാം
കൊക്കോ പൗഡർ – 1 ടീസ്പൂൺ
പഞ്ചസാര – ½ കപ്പ്
കാരമൽ സിറപ്പിനായി:
പഞ്ചസാര – ¼ കപ്പ്
വെള്ളം – 2 ടേബിൾസ്പൂൺ
ചൂടുവെള്ളം – ¼ കപ്പ്
മറ്റു ചേരുവകൾ:
മുട്ട – 3 എണ്ണം
വാനില എസ്സൻസ് – 1 ടീസ്പൂൺ
മൈദ – 2 കപ്പ്
ബേക്കിംഗ് പൗഡർ – 2 ടീസ്പൂൺ
ഉപ്പ് – ¼ ടീസ്പൂൺ
കറുവപ്പട്ട പൊടിച്ചത് – ½ ടീസ്പൂൺ
ഗ്രാമ്പൂ പൊടിച്ചത് – ¼ ടീസ്പൂൺ
മുന്തിരി വൈൻ – 1 ടേബിൾസ്പൂൺ
ഈന്തപ്പഴം അരിഞ്ഞത് – 100 ഗ്രാം
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് – 100 ഗ്രാം
ക്യാൻഡിഡ് ജിഞ്ചർ – ½ ടീസ്പൂൺ
കശുവണ്ടി നുറുക്കിയത് – 30 ഗ്രാം
മൈദ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു സോസ്പാനിൽ പാൽ, വെണ്ണ, കൊക്കോ പൗഡർ, പഞ്ചസാര എന്നിവ ചേർത്ത് എല്ലാം ഒന്നു യോജിക്കുന്നത് വരെ ചൂടാക്കുക, ശേഷം അത് കുറച്ചൊന്നു തണുക്കാനായി മാറ്റി വയ്ക്കുക. ഇനി ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ഒന്ന് ഉരുക്കി എടുക്കുക, കാരമലിന്റെ കളർ ആയി കഴിഞ്ഞാൽ ചൂട് വെള്ളമൊഴിച്ചു ഒന്നുകൂടി ഒന്ന് ഉരുക്കിയ ശേഷം ഇറക്കി വയ്ക്കാം. ഇനി ഇത് നന്നായി തണുക്കാൻ ആയിട്ട് മാറ്റിവയ്ക്കാം. ഇനി ചോക്ലേറ്റ് മിശ്രിതം ഒരു ബൗളിലേക്ക് ഒഴിക്കാം, ഇതിലേക്ക് മുട്ട ചേർത്ത് നന്നായൊന്നു യോജിപ്പിക്കാം, ഇനി എസ്സൻസും കാരമലും കൂടി ചേർത്തു കൊടുക്കാം. എല്ലാം ഒന്ന് യോജിച്ചു കഴിഞ്ഞാൽ അതിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ അരിച്ചു ചേർക്കാം, എന്നിട്ട് പട്ട പൊടിച്ചതും ഗ്രാമ്പു പൊടിച്ചതും കൂടി ചേർത്തു കൊടുത്ത ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം. ശേഷം ഇതിലേക്ക് മുന്തിരിവൈൻ ചേർത്തു കൊടുക്കാം. ഇനി മറ്റൊരു ബൗളിൽ ഈന്തപ്പഴം അരിഞ്ഞതും ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ക്യാൻഡിഡ് ജിഞ്ചറും കശുവണ്ടി നുറുക്കിയതും മൈദ പൊടിയും ചേർത്ത് ചെറുതായൊന്നു ഇളക്കിയെടുക്കാം. ഇനി ഇത് ബാറ്ററിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.
അടുത്തതായി വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച 7 ഇഞ്ചിന്റെ ബേക്കിംഗ് ടിന്നിലേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം. ഇത് 150 ഡിഗ്രി ചൂടിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഒരു ഓവനിൽ ഒരു മണിക്കൂർ നേരം ബേക്ക് ചെയ്തെടുക്കാം. കേക്ക് ചെറുതായൊന്നു തണുത്തു കഴിഞ്ഞാൽ ടിന്നിൽ നിന്ന് എടുത്തു ബട്ടർ പേപ്പർ എല്ലാം എടുത്ത് മാറ്റാം. ഇനി കേക്ക് നന്നായി തണുത്തശേഷം മുകളിലുള്ള ക്രസ്റ്റ് മുറിച്ചുകളഞ്ഞു 2 ലയർ ആയി കട്ട് ചെയ്ത് എടുക്കാം. ഒന്നാമത്തെ ലയറിനു മുകളിൽ മുന്തിരി വൈൻ ബ്രഷ് ചെയ്തു കൊടുത്തശേഷം ക്രീം ചീസ് ഫ്രോസ്റ്റിങ് ഇട്ടുകൊടുക്കാം. ഇതിനു മുകളിൽ അടുത്ത ലയർ വച്ചതിനു ശേഷം വീണ്ടും വൈൻ ബ്രഷ് ചെയ്തു ഫ്രോസ്റ്റിങ് പൈപ്പ് ചെയ്തു കൊടുക്കാം. ഇനി ചെറി വെച്ച് അലങ്കരിക്കാം. ഇതോടെ ചോക്ലേറ്റ് ക്യാരറ്റ് ആൻഡ് ഡേറ്റ്സ് കേക്ക് തയ്യാറായിക്കഴിഞ്ഞു.
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]