
പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ പിടിച്ചിട്ടതുമായി ബന്ധപ്പെട്ട് പൊലീസും ദേവസ്വം ബോര്‍ഡ് അംഗവും തമ്മിൽ വാക്പോര്. പെരനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അംഗം അജികുമാറും തമ്മിലാണ് പെരുനാടിനടുത്ത് കൂനങ്കരയിൽ വച്ച് തര്‍ക്കിച്ചത്. കാര്യമായ തിരിക്ക് ഇല്ലാതിരുന്നിട്ടും പൊലീസ് വഴിയില്‍ വാഹനങ്ങള്‍ തടയുന്നുവെന്ന് അജികുമാര്‍ വിമര്‍ശിച്ചു.
തര്‍ക്കത്തിനിടെ നിരവധി വാഹനങ്ങള്‍ കടന്നുപോയി. ഇന്ന് രാവിലെ 7.30നായിരുന്നു തര്‍ക്കം. വ്യാപാര സ്ഥാപന നടത്തിപ്പുകാരില്‍ നിന്നും പണം വാങ്ങിയാണ് പൊലീസ് വാഹനങ്ങള്‍ തടഞ്ഞിടുന്നതെന്ന് ബോര്‍ഡ് അംഗം ആക്ഷേപിച്ചു. എന്നാൽ സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് വാഹന നിയന്ത്രണമെന്ന് പൊലീസ് പറയുന്നു.
തീർത്ഥാടകരുടെ വാഹനം തടഞ്ഞിട്ടത് ചോദ്യം ചെയ്ത ദേവസ്വം അംഗം അജികുമാറിന്റെ നടപടിയില്‍ പത്തനംതിട്ട എസ്പി അതൃപ്തി അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോടാണ് അതൃപ്തി അറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് വഴിയില്‍ വാഹനം തടഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കടക്കാരില്‍ നിന്നും പണം വാങ്ങിയാണ് പൊലീസ് വാഹനം തടഞ്ഞിടുന്നതെന്ന ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും എസ് പി വ്യക്തമാക്കി.
Last Updated Dec 19, 2023, 12:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]