
6:44 PM IST:
കോഴിക്കോട് മാനാഞ്ചിറ എൽഐസി ബസ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു. ചേവായൂർ സ്വദേശിയായ അശോകൻ അടിയോടിയാണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. ഗവർണറുടെ വാഹനവ്യൂഹം മാനാഞ്ചിറയിൽ എത്തുന്നതിന് അഞ്ച് മിനുറ്റ് മുമ്പായിരുന്നു സംഭവം. കുഴഞ്ഞുവീണ അശോകനെ 14 മിനിറ്റിനുള്ളിൽ ബീച്ച് ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ, ഗവർണറുടെ സന്ദർശനം കാരണം ഗതാഗത തടസ്സമുണ്ടായതാണ് അശോകൻ മരിക്കാൻ കാരണമെന്നും ഉത്തരവാദിത്തം ഗവർണർക്കാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു. അതേസമയം, അശോകന്റെ കുടുംബം ഇതേ വരെ പരാതിയൊന്നും നൽകിയിട്ടില്ല
6:43 PM IST:
പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
6:43 PM IST:
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ സെമിനാറില്‍ പങ്കെടുത്ത് നേരെ കരിപ്പൂരിലെ വിമാനത്താവളത്തിലേക്ക് മടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നേരത്തെ സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ ഗവര്‍ണര്‍ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി സെമിനാറില്‍ പങ്കെടുത്തശേഷം ഗവര്‍ണര്‍ നേരെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി. ദേശീയ പാത ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനുനേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
6:34 PM IST:
കണ്ണൂർ മലപ്പട്ടത്ത് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ മാതാവിൻ്റെ കൺമുന്നിൽ വെച്ചാണ് മരണം.
4:01 PM IST:
തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെയായുള്ള ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കറുത്ത ടീ ഷര്‍ട്ട് ഉള്‍പ്പെടെ ധരിച്ചും കറുത്ത കൊടി ഉയര്‍ത്തികാണിച്ചുമാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. കറുത്ത ബലൂണുകളുമായാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഒരുവിഭാഗം ആളുകള്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിച്ചത്.
3:18 PM IST:
സുൽത്താൻ ബത്തേരിയിൽ കർഷകനായ പ്രജീഷ് എന്ന യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവയെ വെടി വെച്ച് കൊല്ലണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച് നാട്ടുകാർ. വനംവകുപ്പിന് എതിരെ മുദ്രാവാക്യം വിളിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. കർഷകനെ കൊലപ്പെടുത്തി പത്താം ദിവസമാണ് നരഭോജി കടുവ കൂട്ടിലാകുന്നത്. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്തുവെച്ച കെണിയിലാണ് കടുവ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കോളനിക്കവലക്ക് അടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെയാണ് ദൗത്യ സംഘം കടുവയെ പിടികൂടാനായി അഞ്ചാം കൂട് സ്ഥാപിച്ചത്.
3:17 PM IST:
വയനാട്ടിലെ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടിലായി. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്.കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിൽ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ കൂട്ടിലാകുന്നത്
12:56 PM IST:
കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ടെന്നും വ്യക്തമാക്കി
11:57 AM IST:
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനശേഖരണത്തിനായി കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗിന് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.1.38 ലക്ഷം രൂപ ഖര്‍ഗെ സംഭാവന നല്കി. . രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാർട്ടിയുടെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓൺലൈനായും ഓഫ്ലൈനായും ഫണ്ട് ശേഖരണം നടത്തും. പാർട്ടി സ്ഥാപകദിനമായ ഡിസംബർ 28 വരെ ഓൺലൈനായും അതിന് ശേഷം പ്രവർത്തകർ വീടുകളിൽ കയറിയും ഫണ്ട് ശേഖരിക്കും.
11:56 AM IST:
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർ പ്രവർത്തിക്കുന്നത് ഭരണഘടന വിരുദ്ധമായാണ്. വായിൽ തോന്നിയത് വിളിച്ച് പറയുന്ന നിലയാണ്. ഇരിക്കുന്ന പദവിയുടെ വലുപ്പം ഗവര്‍ണര്‍ മനസിലാക്കണം. ആർഎസ്എസ് അജണ്ട നടപ്പാക്കും വിധം ഗവര്‍ണര്‍ അധഃപതിച്ചു. ഗവര്‍ണര്‍ സ്ഥാനത്ത് കാലാവധി അവസാനിക്കാൻ പോകുന്നതിന് മുൻപ് അടുത്തതെന്ത് എന്ന് അന്വേഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അത്ര ഗൗരവമേ കാണുന്നുള്ളൂ. ഭീഷണിക്ക് വഴങ്ങില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
10:39 AM IST:
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സൂചന. വിഷബാധയേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും തിങ്കളാഴ്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നു.
9:34 AM IST:
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ക്ഷേത്രത്തിൽ ഗണപതി ഹോമം. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിക്കായി ഗണപതി ഹോമം നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പരബ്രഹ്മ ക്ഷേത്രമാണ് ചക്കുവളളി ക്ഷേത്രം. 60 രൂപാ അടച്ചാണ് ഹോമം നടത്തിയത്. ഹോമം നടത്തിയതിന്റെ റസീപ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
9:33 AM IST:
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാനില്ലെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. അവസാന നിമിഷം ദേശീയ നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെടുമോയെന്ന് ഭയമുണ്ടെന്നും അൽഫോൺസ് കണ്ണന്താനം ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നോ നാലോ മണ്ഡലങ്ങളിൽ മാത്രം ബിജെപിക്ക് സാധ്യതയുളളപ്പോൾ മത്സരിച്ച് തോൽക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. മണിപ്പൂർ കലാപം ഉയർത്തിയുള്ള പ്രതിപക്ഷ വിമർശനം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയായേക്കാമെന്നും കണ്ണന്താനം ദില്ലിയിൽ
8:15 AM IST:
പാർലമെൻ്റ് അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിൽ കൂടി പൊലീസ് പരിശോധന. കേസിലെ പ്രതികളായ സാഗർ ശർമ്മ, നീലം എന്നിവരുടെ ലക്നൗ, ജിൻഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്.
7:23 AM IST:
തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
6:45 AM IST:
ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾകൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാർക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയൻകീഴ് മണ്ഡലം നവകേരള സദസും നടത്തുന്നത് ചോദ്യം ചെയ്താണ് ഹർജികൾ. ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നുമാണ് ഹർജിക്കാരുടെ വാദം. നേരത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനം പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
6:44 AM IST:
നവകേരള സദസ് ഇന്ന് മുതൽ മൂന്ന് ദിവസം കൊല്ലം ജില്ലയിൽ. പത്തനാപുരം മണ്ഡലത്തിലാണ് ആദ്യ സദസ്. പ്രഭാത യോഗം കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ചേരും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനമുണ്ടാകും. 11 മണിക്ക് പത്തനാപുരം എൻ എസ് എസ് ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യ സദസ്സ് ചേരും. മൂന്നുമണിക്ക് പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ 4. 30 നും സദസ് തുടങ്ങും. വൈകിട്ട് ആറിന് ചക്കുവള്ളി ദേവസ്വം ബോർഡ് സ്കൂളിന് സമീപമുള്ള പഴയ കശുവണ്ടി ഫാക്ടറി പരിസരത്താണ് ആദ്യദിനത്തിലെ അവസാന സദസ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നേർക്കുനേർ പോർമുഖം തുറന്നതോടെ ഇന്നത്തെ രാഷ്ട്രീയ പ്രതികരണങ്ങളും പ്രധാനമാണ്.
6:29 AM IST:
സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ കേരളം.ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത്അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
6:08 AM IST:
എസ്എഫ്ഐ വെല്ലുവിളിക്കിടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക.കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.പരിപാടിയിൽ പാസ് ഉള്ളവർക്കാണ് പ്രവേശനം.