തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും നീതിപീഠത്തിന് നന്ദിയെന്നും തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചെയ്യാനും അനുമതി നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് പിന്നാലെയായിരുന്നു വൈഷ്ണയുടെ പ്രതികരണം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും വോട്ട് നീക്കം ചെയ്ത നടപടി റദ്ദാക്കാനും കമ്മീഷൻ ഉത്തരവിട്ടു.
ഇതോടെ, മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വൈഷ്ണയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അവസരമൊരുങ്ങി.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെതിരെ വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷമാണ് പട്ടികയിൽ പേരില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വൈഷ്ണ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹർജി പരിഗണിക്കവേ, സാങ്കേതികതയുടെ പേരിൽ 24 വയസ്സുള്ള ഒരു യുവതിയുടെ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. അനാവശ്യ രാഷ്ട്രീയം കളിച്ച് പൗരന്റെ വോട്ടവകാശം നിഷേധിക്കരുതെന്നും, മത്സരിക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന ഒരു യുവതിയോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ജസ്റ്റിസ് പി.വി.
കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
വൈഷ്ണയെയും പരാതിക്കാരനെയും നേരിട്ട് കേട്ട് ഈ മാസം ഇരുപതിനകം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നും, ഈ വിവരം കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ കർശനമായ ഇടപെടലിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായകമായ ഉത്തരവ് പുറത്തുവന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

