
.news-body p a {width: auto;float: none;} ആലപ്പുഴ: മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ‘ദൃശ്യം’ സിനിമ 2013ലാണ് തീയേറ്ററുകളിലെത്തിയത്. കുടുംബത്തെ രക്ഷിക്കാൻ വേണ്ടി വലിയൊരു കൊലപാതകം മൂടിവയ്ക്കാൻ ശ്രമിക്കുന്ന നായകന്റെ കഥ പറഞ്ഞ ചിത്രം വൻ വിജയമായിരുന്നു.
മൃതദേഹം കുഴിച്ചുമൂടിയും അതവിടെ നിന്ന് മാറ്റിയുമൊക്കെയാണ് ജോർജുകുട്ടി (മോഹൻലാൽ കഥാപാത്രം) പൊലീസിനെ കബളിപ്പിക്കുന്നത്. 2021ൽ സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങി.
അതിലും അതിസമർത്ഥനായ നായകനെതിരെ പൊലീസിന് തെളിവൊന്നും ലഭിക്കുന്നില്ല. സിനിമയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്.
ചിത്രം വമ്പൻ ഹിറ്റായെങ്കിലും മുൻ ഡി ജി പി ദൃശ്യം സിനിമയെ വിമർശിച്ചുകൊണ്ട് അന്ന് രംഗത്തെത്തിയിരുന്നു. സിനിമ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നായിരുന്നു വിമർശനം.
ഇത് വെറുമൊരു സിനിമയല്ലേ, സിനിമകളിൽ നടക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ അതേപോലെ പകർത്തുന്നവർ ഉണ്ടാകില്ലെന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധി പേർ വാദവുമായെത്തിയിരുന്നു. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം ‘ദൃശ്യം മോഡൽ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള നിരവധി കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ദൃശ്യം മോഡൽ കൊലപാതകങ്ങൾ അൽപം മുമ്പാണ് കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദൃശ്യം മോഡൽ വീണ്ടും ചർച്ചയാകുകയാണ്.
ചോദ്യം ചെയ്യലിൽ വിജയലക്ഷ്മിയെ കൊന്ന് വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടതായി പ്രതി ജയചന്ദ്രൻ സമ്മതിച്ചിട്ടുണ്ട്. പല തവണ ദൃശ്യം സിനിമ കണ്ടതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.
ദൃശ്യം സിനിമയിലേതുപോലെ കൊല്ലപ്പെട്ടയാളുടെ മൃതദേഹം വാഹനത്തിൽ ഉപേക്ഷിച്ചു. വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് കെഎസ്ആർടിസി ബസിൽ വച്ച് കണ്ടെത്തിയിട്ടുണ്ട്.
റോസമ്മ കൊലക്കേസ് ആലപ്പുഴയിൽ തന്നെ നടന്ന, മനസാക്ഷിയെ ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു അറുപതുകാരി റോസമ്മയുടേത്. കൃത്യം നടത്തിയതാകട്ടെ സഹോദരൻ പൂങ്കാവ് വടക്കൻ പറമ്പിൽ വീട്ടിൽ ബെന്നി (55) യും.
കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. മുപ്പത്തിയഞ്ച് വർഷം മുമ്പ് റോസമ്മയെ ഭർത്താവ് ഉപേക്ഷിച്ചുപോയിരുന്നു.
വീട്ടുജോലികൾ ചെയ്താണ് മക്കളെ വളർത്തിയത്. വരുമാനത്തിൽ നല്ലൊരും പങ്കും ബാങ്കിൽ നിക്ഷേപിച്ചു.
ബെന്നി താമസിക്കുന്നതിന് തൊട്ടടുത്താണ് റോസമ്മയും മകനും കുടുംബവും കഴിഞ്ഞിരുന്നത്. അറുപതാം വയസിൽ പുനർവിവാഹിതയാകാനുള്ള റോസമ്മയുടെ തീരുമാനമാണ് സഹോദരനായ ബെന്നിയെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് സമീപം മണ്ണിട്ട് മൂടി. ശേഷം മുകളിൽ ഹോളോബ്രിക്സ് അടുക്കിവച്ച്, അതിനുമുകളിൽ വീണ്ടും മണ്ണ് നിരത്തിയ നിലയിലായിരുന്നു മൃതദേഹം. മേസ്തിരി പണിക്കാരനായ ബെന്നി ഈ ഭാഗം കോൺക്രീറ്റ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. സുജിത കൊലക്കേസ് 2023 ഓഗസ്റ്റ് പതിനൊന്നിനാണ് പള്ളിപ്പറമ്പ് മാങ്കൂത്തിൽ സുജിതയെ കാണാതായത്. തുവ്വൂർ കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരിയായിരുന്നു.
രാവിലെ ജോലിക്ക് പോയി. അവിടെ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്.
പിന്നീട് കാണാതായി. യൂത്ത് കോൺഗ്രസ് മുൻനേതാവായ വിഷ്ണുവും ബന്ധുക്കളും ചേർന്നാണ് കൃത്യം നടത്തിയതെന്നായിരുന്ന അന്ന് പുറത്തുവന്ന വിവരം.
വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ ഓഗസ്റ്റ് 21ന് രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം കുഴിച്ചിടുകയുമായിരുന്നെന്നാണ് പ്രതികൾ മൊഴി നൽകിയത്. വീടിന്റെ പിന്നിൽ മാലിന്യമിടുന്ന കുഴി വലുതാക്കി, കൈകാലുകൾ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയ യുവതിയുടെ മൃതദേഹം കുഴിച്ചിട്ടു.
ശേഷം മണ്ണിട്ട് നികത്തി. ഇവിടെ കുളിമുറി പണിയാനായിരുന്നു പ്രതികളുടെ പദ്ധതി.
ഇതിനായി മെറ്റലും ഹോളോബ്രിക്സും ഇറക്കുകയും ചെയ്തിരുന്നു. രമ്യ കൊലക്കേസ് 2023 ജനുവരിയിലാണ് നായരമ്പലം സ്വദേശി രമ്യയുടെ(38) കൊലപാതക വിവരം പുറംലോകമറിയുന്നത്.
ഭർത്താവ് എടവനക്കാട് കാട്ടുങ്ങൽച്ചിറ അറയ്ക്കപ്പറമ്പിൽ വീട്ടിൽ സജീവനാണ് (42) കൃത്യം നടത്തിയത്. വൈപ്പിൻ ദ്വീപിലെ വാച്ചാക്കലിൽ വാടകയ്ക്കുതാമസിച്ചുവരികയായിരുന്നു കുടുംബം.
2021 ഓഗസ്റ്റിലായിരുന്നു കൊലപാതകം നടന്നത്. രമ്യയെ കഴുത്തിൽ കയർമുറുക്കി കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു.
കൊല നടന്ന ദിവസം ദമ്പതികളുടെ രണ്ട് മക്കളും രമ്യയുടെ വീട്ടിലായിരുന്നു. അമ്മാവന് കൊവിഡ് ബാധിച്ചതിനാൽ ക്വാറന്റൈനിൽ പോവുകയായിരുന്നു.
തിരിച്ചെത്തിയ മക്കളോട് അമ്മയ്ക്ക് ബംഗളൂരുവിൽ ജോലി കിട്ടിയെന്നും ട്രെയിനിംഗിനായി പോയയെന്നുമാണ് പറഞ്ഞത്. അമ്മയെ കാണണമെന്നും സംസാരിക്കണമെന്നും കുട്ടികൾ വാശിപിടിച്ചതോടെ, രമ്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന നുണക്കഥ പറഞ്ഞുവിശ്വസിപ്പിച്ചു.
അയൽവാസികളോട് രമ്യ വിദേശത്ത് പോയിരിക്കുകയാണെന്നാണ് പറഞ്ഞത്. സജീവന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ രമ്യയുടെ സഹോദരൻ 2022 ഫെബ്രുവരിയിൽ ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.
തൊട്ടു പിന്നാലെ പരാതിയുമായി സജീവനുമെത്തി. എന്നാൽ ഇയാളെ വിളിപ്പിച്ചപ്പോഴൊക്കെ പരസ്പരവിരുദ്ധ മറുപടിയാണ് പൊലീസിന് നൽകിയത്.
അന്വേഷണത്തിൽ കാര്യമായ താത്പര്യം കാണിച്ചതുമില്ല. തുടർന്ന് ഇയാളെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചു.
രണ്ടാം വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടയിലാണ് സജീവൻ പിടിയിലായത്. കൊലയ്ക്ക് വഴിവച്ചത് ഫോൺവിളികളെ ചൊല്ലിയുള്ള തർക്കമെന്നായിരുന്നു സജീവന്റെ മൊഴി.
സംഭവദിവസം രാവിലെ ജോലിക്കായി ഇറങ്ങിയ സജീവൻ ഉടൻ തിരികെയെത്തുമ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്നു രമ്യ. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും കയറുകൊണ്ട് രമ്യയുടെ കുഴുത്തുമുറുക്കി കൊല്ലുകയുമായിരുന്നു.
രാത്രിവരെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. പാതിരാത്രി വരാന്തയ്ക്ക് മുന്നിൽ കുഴിയെടുത്ത് മറവുചെയ്തു.
ഇതേ വീട്ടിൽ തന്നെയാണ് കഴിഞ്ഞ ഒന്നരവർഷം ഇയാൾ മക്കൾക്കൊപ്പം താമസിച്ചിരുന്നത്. രാജ് കൊലക്കേസ് 2023 സെപ്തംബറിലാണ് കൊലപാതകം നടന്നത്.
സഹോദരൻ വണ്ടിത്തടം സ്വദേശി ബിനുവാണ് (45) കൃത്യം നടത്തിയത്. ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടിൽ പോയിരുന്നു.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകനെ കാണാനില്ലെന്ന് കാട്ടി ഇവർ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സംശയം ബിനുവിലേയ്ക്ക് തിരിയുന്നത്.
ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് അനുജനെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയതായി കുറ്റസമ്മതം നടത്തിയത്. തുടർന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിൽ കാലാശിച്ചത്. ഷാജി പീറ്റർ കൊലപാതകം ഭാരതീപുരം സ്വദേശി ഷാജി പീറ്റർ ആണ് കൊല്ലപ്പെട്ടത്.
2021 ഏപ്രിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിന് രണ്ടര വർഷത്തെ പഴക്കമുണ്ടായിരുന്നു.
സഹോദരനാണ് കൃത്യം നടത്തിയത്. ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശേഷം അമ്മ പൊന്നമ്മയുടെ സഹായത്തോടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടു.
മോഷണമടക്കമുള്ള കേസുകളിൽ പ്രതിയായ ഷാജി മിക്കപ്പോഴും ഒളിവിലായിരുന്നു. അതുകൊണ്ടുതന്നെ ആർക്കും സംശയമുണ്ടായിരുന്നില്ല.
എന്നാൽ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിലുള്ള കൊലപാതകവിവരം പരാമർശിക്കുകയുണ്ടായി. ഇതുകേട്ടയൊരാളാണ് പൊലീസിൽ വിവരമറിയിച്ചത്.
സിനിമയ്ക്ക് മുമ്പ് സമാന കുറ്റകൃത്യം; ജീത്തു ജോസഫ് ‘ദൃശ്യം മോഡൽ’ കൊലപാതകം എന്ന് വിശേഷിപ്പിക്കുന്നതിനെപ്പറ്റ് മുമ്പ് ജീത്തു ജോസഫ് പ്രതികരിച്ചിരുന്നു. മുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ടായിരുന്നുവെന്നും ജോർജുകുട്ടി ചെയ്തതുപോലെ ജീവിതത്തിൽ ചെയ്താൽ പെട്ടെന്ന് പിടിക്കപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]