മലയാള സിനിമയുടെ യശസ് മറുനാടുകളിലേക്കും എത്തിച്ച സംവിധായകരില്‍ ഒരാളാണ് ഷാജി എന്‍ കരുണ്‍. അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു 1999 ല്‍ പുറത്തെത്തിയ വാനപ്രസ്ഥം. കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി നടനായി മോഹന്‍ലാല്‍ കരിയറിലെ ഏറ്റവും വേറിട്ട വേഷങ്ങളിലൊന്ന് അവതരിപ്പിച്ച ചിത്രം. ആ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിക്കൊടുത്തു. വാനപ്രസ്ഥത്തിന് ശേഷം ഷാജി എന്‍ കരുണും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തില്‍ ഒരു ചിത്രം പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും അത് നടന്നിട്ടില്ല. പ്രോജക്റ്റ് നടക്കാതെപോയതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ഷാജി എന്‍ കരുണ്‍.
പ്രമുഖ കഥാകൃത്ത് ടി പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഗാഥ എന്ന സിനിമയായിരുന്നു അത്. ചിത്രം എന്തുകൊണ്ട് നടന്നില്ല എന്ന ചോദ്യത്തിന് ഷാജി എന്‍ കരുണിന്റെ മറുപടി ഇങ്ങനെ- “ആ സിനിമ നടക്കാതെപോയതിന് പ്രധാന കാരണം പണത്തിന്റെ ദൌര്‍ലഭ്യം ആയിരുന്നു. വിദേശത്തുള്ള ഒരാളെക്കൊണ്ടാണ് അതിന്റെ മ്യൂസിക് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ടി പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കി ആലോചിച്ച സിനിമയായിരുന്നു ഗാഥ. കടല്‍ പോലെ ആയിരിക്കണം സംഗീതം എന്നാണ് തീരുമാനിച്ചിരുന്നത്. ഓരോ സെക്കന്‍ഡും മാറിക്കൊണ്ടേയിരിക്കുന്ന, രണ്ടാമതൊന്ന് ആവര്‍ത്തിക്കാത്ത, കണ്ടതുതന്നെ വീണ്ടും കാണാന്‍ പറ്റാത്ത ഒന്ന്. അതിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും അങ്ങനെ ആയിരുന്നു. അത് ചെയ്യണമെങ്കില്‍ രൂപകം എന്ന നിലയില്‍ ഒരുപാട് ദൃശ്യങ്ങള്‍ വേണമായിരുന്നു. ലഭ്യമായ ബജറ്റില്‍ പടം തീര്‍ക്കാന്‍ പറ്റില്ലായിരുന്നു. എങ്ങനെയെങ്കിലും വേണമെങ്കില്‍ തീര്‍ക്കാം. പക്ഷേ അങ്ങനെയെങ്കില്‍ ഞാന്‍ ആ വര്‍ക്കിനോട് ചെയ്യുന്ന ഒരു അനീതി ആയിരിക്കും. അതുകൊണ്ട് ഒഴിവായിപ്പോയതാണ്”, ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഷാജി എന്‍ കരുണ്‍ ഇക്കാര്യം പറയുന്നത്.
2012 ലാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം വരുന്നത്. 12 വര്‍ഷത്തെ ആലോചനകള്ക്കിപ്പുറമാണ് ചിത്രം ഒരുങ്ങുന്നതെന്ന് ഷാജി എന്‍ കരുണ്‍ ആ സമയത്ത് പറഞ്ഞിരുന്നു. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് ഷാജി എന്‍ കരുണിന്റെ അസോസിയേറ്റും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍ 2017 ല്‍ നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഷാജി എന്‍ കരുണിനൊപ്പം ചിത്രത്തിന്റെ മുഴുവന്‍ ചര്‍ച്ചകളിലും താന്‍ ഉണ്ടായിരുന്നുവെന്നും ലൊക്കേഷനുകള്‍ കണ്ടിരുന്നുവെന്നും പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പ്രോജക്റ്റ് ഉപേക്ഷിച്ചുവെന്നാണ് ഷാജി എന്‍ കരുണ്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Nov 19, 2023, 11:22 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]