പത്തനംതിട്ട: കോയമ്പത്തൂർ യാത്രയിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴകിട്ടിയെങ്കിലും സർവീസ് തുടരാൻ തന്നെയാണ് റോബിൻ ബസ്സിന്റെ തീരുമാനം. കേരളത്തിലുടനീളം ആരാധകരെ സൃഷ്ടിച്ചാണ് റോബിൻ ബസ് പായുന്നത് ഉടമ ഗിരീഷിന്റെ മാസ്സ് ഡയലോകുകളും വൈറലാണ്. പുതുക്കിയ കേന്ദ്ര മോട്ടോർ വാഹനനിയമപ്രകാരം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെങ്കിൽ രാജ്യത്തെവിടെയും സർവീസ് നടത്താമെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസ് കോയമ്പത്തൂർ സർവീസ് തുടങ്ങിയത്.
എന്നാൽ ഈ പെർമിറ്റ് വെച്ച് കോൺക്രാക്ട് ക്യാരേജ് സർവീസ് മാത്രമെ അനുവദിക്കൂവെന്നാണ് സംസ്ഥാന മോട്ടോർ വാഹനവകുപ്പ് പറയുന്നത്. അതായിത് വിനോദസഞ്ചാരം, തീർത്ഥാടനം തുടങ്ങി ഒരു സ്ഥലത്ത് നിന്ന് നിശ്ചിത ആളുകളുമായി മറ്റൊരു സ്ഥലത്തേക്കുള്ള ട്രിപ്പ്. അല്ലാതെ നാട്ടിലെ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും ഓടും പോലെ ബോർഡ് വെച്ച് ഓരോ സ്റ്റോപ്പിൽ ബസ് സ്റ്റാൻഡിലും കയറി ആളെ കയറ്റി പോകുന്ന സ്റ്റേജ് ക്യാരേജ് ആയി ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കെഎസ്ആർടിസി സ്വിഫ്റ്റ് തകരുമെന്ന ഭയത്തിലാണ് നിയമം ഉണ്ടായിട്ടും തന്റെ ബസ്സിനെ ഓടാൻ അനുവാദിക്കാത്തത് എന്നാണ് റോബിൻ ബസ്സ് ഉടമയുടെ വാദം.
ഹൈക്കോടതിയിൽ നിന്ന് സംരക്ഷണം വാങ്ങി ട്രിപ്പ് നടത്തിയെങ്കിലും നിയമപോരാട്ടത്തിലൂടെ ഗിരീഷിന് ഇത് തെളിയിക്കേണ്ടിവരും. റോബിനെതിരെ ഗതാഗത സെക്രട്ടറി തന്നെ ഹൈക്കോടതിയിൽ പോകുമെന്നാണ് സൂചന. അതേസമയം, ആദ്യ കോയമ്പത്തൂർ യാത്രയിൽ റോബിൻ ഫാൻസിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം എംവിഡി ഉദ്യോഗസ്ഥർ നേരിട്ടു. വരുംദിവസങ്ങളിൽ ക്രമസമാധാന പ്രശ്നമായി റോബിൻ ബസ്സ് യാത്ര മാറുമോയെന്ന ആശങ്ക പൊലീസിനുണ്ട്.
Read more: റോബിന് പിഴയോട് പിഴ, കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും പൊക്കി; ഇന്ന് മാത്രം ആകെ ഒരുലക്ഷത്തിലേറെ പിഴ
വഴിനീളെ റോബിനെ കാത്ത് എംവിഡി
ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഇന്ത്യയിൽ എവിടെയും സാധാരണബസിലെ പോലെ ആളെക്കയറ്റി ഓടാമെന്ന അവകാശവാദയുമായി ഓടിയ റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലും വലിയ പിഴ. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകം ആദ്യത്തെ തടയൽ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥർ മടങ്ങി.
സമയം ഏഴര – പാലാ എത്തുന്നതിന് തൊട്ട് മുന്പ് രണ്ടാമത്തെ തടയൽ. ബസ് യാത്ര തുടർന്നു, തൊടുപുഴ പിന്നിട്ട് അങ്കമാലിയിൽ വച്ച് മൂന്നാമത്തെ തടയൽ അപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയർന്നു. പതിനൊന്നരയോടെ ബസ് ചാലക്കുടി പിന്നിട്ടു, പുതുക്കാട് എത്തിയപ്പോൾ വീണ്ടും എംവിഡി പരിശോധന. ഒരു മണിക്ക് പന്നിയങ്ക ടോൾ പ്ലാസയിൽ നാട്ടുകാരുടെ സ്വീകരണം. പീന്നീട് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായില്ല. ആകെ ഈടാക്കിയത് 37500.
എന്നാൽ തമിഴ്നാട്ടിലേക്ക് കയറിയ റോബിൻ ബസിന് ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത് 70,410 രൂപ. നികുതിയായി 32000 രൂപയും പിഴയായി 32000 രൂപയും ഉൾപ്പടെയാണിത്. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദിമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്. അടുത്ത ദിവസം ഗതാഗത സെക്രട്ടറി തന്നെ റോബിൻ ബസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ നിയമപരമായി നേരിടാൻ തന്നെയാണ് റോബിൻ ബസ് ഉടമ ഗീരീഷിന്റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 19, 2023, 12:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]