ബെംഗളൂരു: ബെംഗളൂരുവിൽ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ചാവക്കാട് സ്വദേശി റഫാസിനെതിരെയാണ് കേസെടുത്തത്.
പ്രതി ഒളിവിലാണ്. ബെംഗളൂരുവിൽ മലയാളി മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു സന പർവീൺ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് കാരണക്കാരൻ തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസ് ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് പർവീണാണ് പൊലീസിൽ പരാതി നൽകിയത്.
കർണാടകയിലെ മടിക്കേരി സ്വദേശിയായിരുന്നു മരിച്ച സന പർവീൺ. ബെംഗളൂരുവിലെ കോളേജിൽ സനയുടെ സീനിയർ വിദ്യാർത്ഥിയായിരുന്നു റഫാസ്.
സനയെ റഫാസ് നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതാണ് മകൾ ജീവനൊടുക്കാൻ കാരണമെന്നുമാണ് പർവീണിൻ്റെ പരാതിയിൽ പറയുന്നത്. റഫാസ് പിന്തുടർന്ന് ശല്യപ്പെടുത്തുന്ന കാര്യം പർവീൺ നേരത്തെ മലയാളി മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കോളേജ് അധികൃതരേയും അറിയിച്ചിരുന്നു.
കോളേജ് അധികതർ റഫാസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. എന്നാൽ അതിലൊന്നും റഫാസ് പിന്മാറിയില്ല.
ഇയാൾ സനയെ ശല്യം ചെയ്യുന്നത് തുടരുകയും ഇതോടെ മകൾ കോളേജ് ഹോസ്റ്റലിലെ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് പർവീൺ ആരോപിക്കുന്നത്. അതേസമയം സനയുടെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല.
പരാതിയിൽ ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെ റഫാസ് ഒളിവിൽ പോയി. റഫാസിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]