ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗശേഷമുള്ള ആദ്യ ജന്മദിനത്തിന് തലേന്ന് ഹൃദയസ്പർശിയായ കുറിപ്പുമായി മകൻ വി.എ.
അരുൺ കുമാർ. തിരുവനന്തപുരത്തെ തിരക്കുകൾ മാറ്റിവെച്ച് കുടുംബത്തോടൊപ്പം പുന്നപ്രയിലെ തറവാട്ടു വീട്ടിലെത്തിയ അദ്ദേഹം, പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ മിക്ക പിറന്നാൾ ദിനങ്ങളിലും അച്ഛൻ കൂടെയുണ്ടായിരുന്നില്ലെന്ന് അരുൺ കുമാർ ഓർക്കുന്നു.
യാത്രകളും യോഗങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയപ്പോഴും ഈ തിരക്കുകൾക്ക് കുറവുണ്ടായിരുന്നില്ല.
എങ്കിലും വീട്ടിൽ ചെറിയ രീതിയിലുള്ള പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം വിശ്രമജീവിതം നയിക്കാൻ തുടങ്ങിയതോടെയാണ് പിറന്നാൾ ദിനങ്ങളിൽ അച്ഛനൊപ്പം പൂർണ്ണമായി ചിലവഴിക്കാൻ സാധിച്ചതെന്നും അരുൺ കുമാർ അനുസ്മരിച്ചു.
ഇപ്പോൾ കുടുംബസമേതം പുന്നപ്രയിലെ വീട്ടിലാണെന്നും, അച്ഛനെ സ്നേഹിക്കുന്ന ധാരാളം പേർ ഇപ്പോഴും ഓർമ്മകൾ പങ്കുവെക്കാൻ ഇവിടെയെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എസിന്റെ ഓർമ്മയ്ക്കായി ഒരു ചുമർചിത്രം വേണമെന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമാക്കിയ ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കൾക്ക് അദ്ദേഹം കുറിപ്പിലൂടെ നന്ദി അറിയിച്ചു.
അതോടൊപ്പം, വി.എസിന്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിക്കാനുള്ള ശ്രമങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അരുൺ കുമാർ വ്യക്തമാക്കി. നാളെ രാവിലെ അമ്മയോടൊപ്പം വലിയ ചുടുകാട്ടിലെ അച്ഛന്റെ സ്മൃതിമണ്ഡപത്തിൽ എത്തുമെന്നും, ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സന്ദർശകരെ കണക്കിലെടുത്ത് നാളെയും പുന്നപ്രയിലെ വീട്ടിൽ തങ്ങിയ ശേഷം മറ്റന്നാൾ തിരുവനന്തപുരത്തേക്ക് മടങ്ങും. “അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുയരുന്നുണ്ട്,” എന്ന ഹൃദയഭേദകമായ വാചകത്തോടെയാണ് അരുൺ കുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]