കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ചർച്ച മില്ലുടമകളിൽ നിന്നും ഉണ്ടായത് അനുഭാവ പൂർണമായ പ്രതികരണമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ.
കൊച്ചിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ന് തന്നെ മറ്റ് അംഗങ്ങളുമായി ആലോചിച്ച് ഭാരവാഹികൾ മറുപടി അറിയിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പ്രോസസിംഗ് ചാർജ് ക്വിന്റലിന് 20 രൂപ എന്നതിൽ നിന്ന് വർദ്ധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായും മന്ത്രി അറിയിച്ചു. സപ്ലൈകോയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ആയിരുന്നു നെല്ല് സംഭരണത്തിൽ മന്ത്രിതല ചർച്ച.
കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ആഘോഷത്തിൽ സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥരും മുൻജീവനക്കാരും അടക്കം പങ്കെടുത്തു. മിൽ ഉടമകളുടെ ആവശ്യങ്ങളിന്മേൽ സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യ – കൃഷി – ധനകാര്യ മന്ത്രിമാർ മില്ലുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകി.
കോടതി വിധി നിലനിൽക്കുന്നത് കൊണ്ട് ഔട്ടേൺ റേഷ്യോയിൽ വ്യത്യാസം വരുത്താൻ സാധിക്കില്ല. അതേ സമയം 2022 –23ലെ ഒ.ടി.ആർ അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച് മന്ത്രിസഭയിൽ ആലോചിച്ച് അനുകൂല തീരുമാനം ഉണ്ടാക്കും.
പ്രോസസിങ് ചാർജ്ജ് ക്വിന്റലിന് 20 രൂപ എന്നതിൽ നിന്ന് വർധനവ് നൽകുന്നത് പരിഗണിക്കും. പാലക്കാട് ജില്ലയിൽ ജിഎസ്ടി സംബന്ധിച്ച് നൽകിയ നോട്ടീസ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാമെന്നും മന്ത്രിമാർ ഉറപ്പു നൽകി.
ഈ ഉറപ്പുകൾ അംഗീകരിച്ച് മില്ലുടമകൾ ഉടൻ നെല്ല് സംഭരണമാരംഭിക്കാൻ തയ്യാറാകണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. സംഭരണ വിലയിലും കുറഞ്ഞ വിലയ്ക്ക് നെല്ല് എടുത്തുകൊണ്ട് കർഷകരെ ചൂഷണം ചെയ്യുന്ന രീതിയിൽ ചില മില്ലുകൾ എങ്കിലും ഏർപ്പെട്ടിട്ടുണ്ട്.
ഇതിൽ നിന്ന് അവർ പിന്മാറണം എന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.
ആർ .അനിൽ നേരിട്ടും കൃഷിമന്ത്രി പി പ്രസാദ്, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ഓൺലൈനിലും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]