
.news-body p a {width: auto;float: none;}
കൽപ്പറ്റ: അനധികൃത മസാജ് സെന്ററുകൾക്ക് പൂട്ടിടാൻ പൊലീസ്. ജില്ലയിലെ സ്പാ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് മിന്നൽ പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചു വരുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഭൂരിഭാഗം സ്പാ കേന്ദ്രങ്ങൾക്കും ലൈസൻസ് ഉൾപ്പെടെ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തി.
37 സ്പാ കേന്ദ്രങ്ങൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ഇത്തരം സ്ഥാപനങ്ങൾക്ക് പൊലീസ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം ആവശ്യമായ രേഖകൾ അതാത് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കാനാണ് നിർദ്ദേശം. രേഖകൾ ഹാജരാക്കാൻ കഴിയാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും.
ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് കേരളാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2018 പ്രകാരമുളള ലൈസൻസ് നിർബന്ധമാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള അനുമതിയും ആവശ്യമാണ്. നിശ്ചിത യോഗ്യതയുള്ളവരാണ് ആയുർവേദ മസാജ് ചികിത്സ നടത്തേണ്ടത്.
എന്നാൽ ഇത്തരം മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഭൂരിഭാഗം സ്ഥാപനങ്ങളുടെയും പ്രവർത്തനം. ടൂറിസത്തിന്റെ മറവിൽ ആയുർവേദ മസാജ് എന്ന പേരിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അനധികൃത സ്പാകൾക്കെതിരെ കർശന നടപടിയെടുത്തത്. വൈത്തിരി,മേപ്പാടി, പടിഞ്ഞാറത്തറ , അമ്പലവയൽ, പുൽപ്പള്ളി ,മാനന്തവാടി എന്നിവിടങ്ങളിലാണ് കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നത്.
വിവിധ നഗരങ്ങളിൽ പോസ്റ്ററുകൾ പതിച്ച് സ്ഥാപനങ്ങളുടെ പരസ്യം നൽകുന്നുണ്ട്.
അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് കൂടുതലായും ഇത്തരത്തിൽ പരസ്യം നൽകുന്നത്. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്പോലും ഇത്തരം സ്ഥാപനങ്ങൾ പ്രതിസന്ധി ഉണ്ടാക്കുകയാണ്.
‘വരും ദിവസങ്ങളിലും മസാജ് സ്പാ കേന്ദ്രങ്ങളിൽ പരിശോധന തുടരും’ തപോഷ് ബസുമതാരി, ജില്ലാ പൊലീസ് മേധാവി.
മസാജ് കേന്ദ്രങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂടുതൽ ഇവിടെ
വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ , അമ്പലവയൽ, പുൽപ്പള്ളി , മാനന്തവാടി