
.news-body p a {width: auto;float: none;}
ബംഗളൂരു: ബംഗളൂരുവിന്റെ വിമാന യാത്രാ ആവശ്യം കുതിച്ചുയരുന്നതിനാൽ, നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സ്ഥലം അന്തിമമാക്കുന്ന തീരുമാനത്തിലേക്ക് കർണാടക സർക്കാർ കടക്കുന്നു. ദേശീയ പാത 75ന് അടുത്തായി സ്ഥിതി ചെയ്യുന്ന കുനിഗൽ എന്ന സ്ഥലമാണ് വിമാനത്താവളത്തിന് വേണ്ടി ആദ്യമായി പരിഗണിച്ചത്. ഡാബസ്പേട്ടിനും കുനിഗലിനും ഇടയിലുള്ള പ്രദേശം സമഗ്രമായ അവലോകനത്തിന് ശേഷമാണ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്.
കുനിഗൽ ഉൾപ്പടെയുള്ള തുംകൂരു മേഖലയാണ് നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങളെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ‘ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തുംകുരുവിന് സമീപമുള്ള ദബാസ്പേട്ടിൽ പുതിയ വിമാനത്താവളം സ്ഥാപിക്കാനാണ് പദ്ധതി. ഘട്ടം ഘട്ടമായി 20,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തുംകൂരു ഏഷ്യയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായി വികസിക്കുകയാണ്. ഇതിനകം 150ലധികം വ്യവസായ സ്ഥാപനങ്ങൾ ഈ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ ഒരു ജാപ്പനീസ് ടൗൺഷിപ്പും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് എച്ച്എഎല്ലിന്റെ ഹെലികോപ്റ്റർ പ്രൊഡക്ഷൻ മേട്ടൂരിന് സമീപം ആരംഭിച്ചതാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് ഈ സ്ഥലം തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് വളരെ പ്രയോജനകരമായിരിക്കും’-മന്ത്രി വ്യക്തമാക്കി.
‘സൂക്ഷ്മമായ വിലയിരുത്തലിനുശേഷം, ദേശീയ പാത 75ൽ ഡാബാസ്പേട്ടിനും കുണിഗലിനും ഇടയിലുള്ള പ്രദേശം പുതിയ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കണ്ടെത്തി. എന്നിരുന്നാലും അന്തിമ തീരുമാനം സാങ്കേതിക സാദ്ധ്യതയെ കൂടി ആശ്രയിച്ചിരിക്കും’- മന്ത്രി പരമേശ്വര പറഞ്ഞു.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ നഗരമായ ബംഗളൂരുവിൽ നിലവിലുള്ള കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) പൂർണ്ണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ഡൽഹിയും മുംബൈയും പോലുള്ള പ്രധാന നഗരങ്ങൾ അടുത്ത വർഷം പുതിയ വിമാനത്താവളങ്ങൾ തുറക്കാൻ ഒരുങ്ങുമ്പോൾ, ബംഗളുരു ഇത് പിന്തുടരേണ്ടത് അത്യാവശ്യമാണ്. നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളം കെംപഗൗഡയിലെ തിരക്ക് കുറക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ പുതിയ വിമാനത്താവളം നഗരത്തിൽ സ്ഥാപിക്കണമെങ്കിൽ ഒരുപാട് വെല്ലുവിളികളും മറികടക്കേണ്ടതുണ്ട്. നിലവിലെ വിമാനത്താവളത്തിൽ നിന്നും 150 കിലോമീറ്റർ അകലെ മാത്രമാണ് മറ്റൊരു വിമാനത്താവളം സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. ഈ വ്യവസ്ഥ 2032 വരെ നിലനിൽക്കുന്നതാണ്. അതേസമയം, ബംഗളൂരുവിലെ പ്രാഥമിക വിമാനത്താവളം വലിയ വാണിജ്യ വിമാനങ്ങൾക്ക് പ്രായോഗികമായ ഓപ്ഷനല്ല, ഇത് വിപുലീകരിക്കാനുള്ള പദ്ധതിയും പരിഗണിക്കുന്നില്ല. അതുകൊണ്ട് ബംഗളൂരുവിന്റെ വർദ്ധിച്ചുവരുന്ന എയർ കണക്റ്റിവിറ്റിയുടെ ആവശ്യകത കണക്കിലെടുക്കുമ്പോൾ, രണ്ടാമത്തെ വിമാനത്താവളം ഭാവി വളർച്ചയ്ക്ക് പ്രധാനപ്പെട്ടതാകുമെന്ന കാര്യത്തിൽ സംശയമില്ല.
മാത്രമല്ല, ഒട്ടേറെ മലയാളികൾ ജോലിക്കായി ആശ്രയിക്കുന്ന നഗരം കൂടിയാണ് ബംഗളൂരു. ഐടി സാങ്കേതിക സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. പുതിയ വിമാനത്താവളം മുന്നോട്ടുവയ്ക്കുന്ന യാത്രാ സൗകര്യങ്ങൾ മലയാളികൾക്ക് അനുഗ്രഹമാകുമെന്ന കാര്യത്തിൽ സംശയമില്ല.