
.news-body p a {width: auto;float: none;}
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വെളളിയാഴ്ച പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് വിസ്താരയുടെ വക്താവ് വ്യക്തമാക്കി.
വിസ്താരയുടെ യുകെ 17 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. സോഷ്യൽമീഡിയയിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ ഇറക്കുകയും വിശദമായ പരിശോധന നടത്തിവരികയുമാണെന്ന് വക്താവ് വ്യക്തമാക്കി. സുരക്ഷാസേനയുടെ അനുമതി ലഭിച്ചാലുടൻ തന്നെ വിമാനം ലണ്ടനിലേക്ക് യാത്ര തിരിക്കും. പ്രോട്ടോക്കോൾ അനുസരിച്ച് അധികൃതരെ വിവരമറിയിക്കുകയും ഫ്രാങ്ക്ഫർട്ടിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റുമാർ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് നിരവധി വിമാനങ്ങളുടെ സർവീസുകളാണ് താറുമാറായത്. സംഭവത്തിൽ കേന്ദ്രം വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും മുംബയ് സ്വദേശിയായ 17കാരനെ അറസ്റ്റും ചെയ്തിരുന്നു. സുഹൃത്തിനോടുളള വൈരാഗ്യം തീർക്കാനാണ് ആൺകുട്ടി വിമാനങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശങ്ങൾ എക്സിൽ പങ്കുവച്ചതെന്നാണ് അറിയാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒക്ടോബർ 16ന് ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയറിന്റെ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടു. ഇതിനെ തുടർന്ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. ആ ദിവസം തന്നെ ഗൾഫിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. മുംബയ് വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന 6ഇ 1275 വിമാനത്തിനും ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6ഇ 56 വിമാനത്തിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്.