
.news-body p a {width: auto;float: none;}
ന്യൂഡൽഹി: ഇന്ത്യ എത്ര വലിയ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നുവെന്നതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിദേശനാണ്യശേഖരത്തില്‍ രാജ്യത്തിനുണ്ടായിരിക്കുന്ന കുതിപ്പ്. 2024ല്‍ തന്നെ വിദേശ നാണ്യശേഖരത്തില്‍ ലോകത്ത് നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ചൈന, ജപ്പാന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ മൂന്ന് രാഷ്ട്രങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യയേക്കാള്‍ വിദേശനാണ്യശേഖരമുള്ളത്. 1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇന്ത്യയുടെ വിദേശ നാണ്യശേഖരം വെറും 580 കോടി ഡോളര്‍ മാത്രമായിരുന്നു.
മാത്രമല്ല, 1991ല്‍ 55 ടണ്‍ കരുതല്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം വയ്ക്കാന്‍ വിമാനത്തില്‍ കയറ്റി അയക്കേണ്ടിയും വന്നു. വിദേശ കടങ്ങളുടെ തിരിച്ചടവിന് നിവൃത്തിയില്ലാത്ത അവസ്ഥ സംജാതമായ ഘട്ടത്തിലാണ് കരുതല്‍ സ്വര്‍ണം പണയം വയ്ക്കാനായി കയറ്റി അയച്ചത്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയും യശ്വന്ത് സിന്‍ഹ ധനമന്ത്രിയുമായിരുന്ന ആ സമയത്ത് വെറും മൂന്ന് ആഴ്ചത്തെ ഇറക്കുമതി ചെലവിനുള്ള വിദേശനാണ്യം മാത്രമായിരുന്നു നീക്കിയിരിപ്പ്. നരസിംഹറാവു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ ധനമന്ത്രി മന്മോഹന് സിംഗ് അവതരിപ്പിച്ച പോംവഴിയായിരുന്നു ഉദാരവല്‍ക്കരണനയം.
രാജ്യത്തെ സാമ്പത്തികരംഗത്തിന് ഉത്തേജനം പകരാന്‍ ഉദാരവല്‍ക്കരണ നയത്തിന് കുറെയൊക്കെ കഴിഞ്ഞിട്ടുണ്ട്. എങ്കിലും 2014ന് ശേഷമാണ് സാമ്പത്തികമേഖലയില്‍ രാജ്യം പ്രകടമായ മുന്നേറ്റം സാദ്ധ്യമാക്കിയിരിക്കുന്നതെന്ന് കാണാം. 2024 എത്തിയപ്പോള്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം നേടിയ റെക്കോഡ് 70400 കോടി ഡോളര്‍ (58 ലക്ഷം കോടി രൂപ) ആണ്. കഴിഞ്ഞ വര്‍ഷത്തെ ശേഖരത്തെക്കാള്‍ 6200 കോടി അധികമാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തിന്റെ വിദേശ നാണ്യം 2026ല്‍ 74500 കോടി ഡോളറിലെത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഒപ്പം റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തിലും വന്‍വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 6570 കോടി ഡോളറിന്റെ സ്വര്‍ണശേഖരമാണ് റിസര്‍വ് ബാങ്കിന് ഇപ്പോഴുള്ളത്.
ശക്തികാന്തദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റശേഷം മാത്രം വിദേശനാണ്യശേഖരത്തിലുണ്ടായ വര്‍ദ്ധന 29,800 കോടി ഡോളറാണ്. ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് പലവിധ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. വിദേശനാണ്യശേഖരത്തില്‍ റഷ്യ നേരത്തെ ഇന്ത്യയ്ക്ക് മുന്നിലായിരുന്നെങ്കിലും ഇപ്പോള്‍ 59,022 കോടി ഡോളര്‍ മാത്രമേയുള്ളൂ. പാകിസ്ഥാന് 1,070 കോടി ഡോളര്‍ മാത്രമാണ് വിദേശ നാണ്യശേഖരം. ഇത് രാജ്യാന്തര നാണ്യനിധിയില്‍ നിന്നുള്ള 102 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് കൂടി ഉള്‍പ്പെട്ട കണക്കാണ്.
ശക്തമായ വിദേശ നാണ്യശേഖരം ഒരു രാജ്യത്തിന്റെ സാമ്പത്തികഭദ്രതയുടെ അടിത്തറയാണ്. വിദേശനാണ്യശേഖരം രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം കുത്തനെ തകരുന്നത് തടയുകയും സ്ഥിരത ഉറപ്പാക്കുകയും ഇറക്കുമതി – കയറ്റുമതി സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും പണപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യും. ഇപ്പോള്‍ ഇന്ത്യയുടെ വിദേശ നാണ്യശേഖരം രാജ്യത്തിന്റെ ഒരു വര്‍ഷത്തെ ഇറക്കുമതി ആവശ്യങ്ങള്‍ നിറവേറ്റാനുള്ള തുകയ്ക്ക് തുല്യമാണ്. ഈ അവസ്ഥയില്‍ ഇന്ത്യയ്ക്ക് എന്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും ഒരു വര്‍ഷത്തേക്ക് പിടിച്ചുനില്‍ക്കാനാകും. ഒരു രാജ്യത്തിന് സുസ്ഥിരമായ ഭരണകൂടവും ദീർഘവീക്ഷണമുള്ള നേതൃനിരയുമുണ്ടാകുമ്പോള് അത് സര്‍വമേഖലയിലും പുരോഗതിയും അഭിവൃദ്ധിയും പ്രകടമാക്കുമെന്നതിന് തെളിവാണ് ഇന്ത്യയുടെ സാമ്പത്തികരംഗത്തെ ഈ മുന്നേറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡന്റുമാണ് ലേഖകൻ)