
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ് – ഉറുഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇടതു കാല്‍മുട്ടിന് പരിക്കേറ്റ ബ്രസീല്‍ സ്ട്രൈക്കര്‍ നെയ്മാറിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് താരത്തിന്റെ ക്ലബ്ബ് അല്‍ഹിലാല്‍ അറിയിച്ചു. ഉറുഗ്വായ്ക്കെതിരെ ബ്രസീല്‍ 0-2 ന് തോല്‍ക്കുകയായിരുന്നു. കണ്ണീരോടെയാണ് നെയ്മാര്‍ കളം വിട്ടത്. മുപ്പത്തൊന്നുകാരന് എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്ന അല്‍ഹിലാല്‍ വ്യക്തമാക്കിയില്ല. കാല്‍മുട്ടിലെ ഇതുപോലുള്ള പരിക്ക് ഭേദമാവാന്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വേണ്ടി വരും. ഈ സീസണില്‍ നെയ്മാര്‍ ഇനി കളിക്കുന്ന കാര്യം സംശയമാണ്. അടുത്ത വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന കോപ അമേരിക്കയിലും ബ്രസീല്‍ ജഴ്സിയില്‍ നെയ്മാര്‍ ഉണ്ടാവാനിടയില്ല.
എസ്റ്റേഡിയൊ സെന്റിനാറിയോയില് നിന്ന് ഊന്നുവടികളിലാണ് നെയ്മാര്‍ പുറത്തുവന്നത്. വേദനയില്‍ പുളഞ്ഞ താരത്തെ പിന്നീട് വണ്ടിയില്‍ പുറത്തെത്തിച്ചു. സാവൊപൗളോയില്‍ നിരവധി പരിശോധനകള്‍ക്കു ശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. ബ്രസീല്‍ ഫെഡറേഷനും അല്‍ഹിലാല്‍ ക്ലബ്ബും യോജിച്ചാണ് തീരുമാനമെടുക്കുന്നത്. ആദ്യ പകുതിയുടെ അന്ത്യ നിമിഷങ്ങളില്‍ ഉറുഗ്വായ് മിഡ്ഫീല്‍ഡര്‍ നിക്കൊളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ച് നെയ്മാറിന്റെ കാലിന്റെ പടം മറിഞ്ഞുപോവുകയായിരുന്നു.
കഴിഞ്ഞ മാസം ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് നെയ്മാര്‍ ഏറ്റവുമധികം ഗോളടിച്ച പെലെയുടെ ബ്രസീല്‍ റെക്കോര്‍ഡ് തകര്‍ത്തത്. ഓഗസ്റ്റില്‍ അല്‍ഹിലാലില്‍ ചേര്‍ന്നതു മുതല്‍ നെയ്മാറിനെ പരിക്ക് അലട്ടുകയാണ്. സൗദി ലീഗില്‍ മൂന്നു തവണയും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു തവണയും മാത്രമാണ് കളിച്ചത്. ഒരു ഗോളടിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ പി.എസ്.ജിയിലായിരിക്കെ നെയ്മാറിന്റെ വലതു കണങ്കാലില്‍ ശസ്ത്രക്രിയ ചെയ്തിരുന്നു.