കോഴിക്കോട്: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ MDMA വേട്ട. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് ബൈക്കിൽ കടത്തുകയായിരുന്ന 105.994 ഗ്രാം MDMA എക്സൈസ് പിടിച്ചെടുത്തു ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി 28 വയസ്സുള്ള ഹുസ്നി മുബാറക്ക് ആണ് അറസ്റ്റിലായത്.
മാർക്കറ്റിൽ പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്. വ്യാവസായിക അളവിലുള്ള ഈ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് പത്ത് മുതൽ ഇരുപത് വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്. കോഴിക്കോട് ജില്ലയിൽ കോളേജുകളിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇയാളുടെ സ്ഥിരം ഇടപാടുകാർ എന്ന് മനസ്സിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ പി.അനീഷ് മോഹൻ നേതൃത്വം നൽകിയ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അസീസ് എ.,കമലാക്ഷൻ ടി. വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഖാലിദ് ടി, ബിജു കെ കെ എന്നിവർ ഉണ്ടായിരുന്നു.