ശ്രീകൃഷ്ണപുരം (പാലക്കാട്) ∙ ഓൺലൈൻ തട്ടിപ്പിൽ 11 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്നു കാണാതായ കടമ്പഴിപ്പുറം ആലങ്ങാട് ചല്ലിയിൽ വീട്ടിൽ പ്രേമയ്ക്കായി (62)
തിരച്ചിൽ ഊർജിതമാക്കി. 15 കോടി രൂപ സമ്മാനം നേടിയെന്നും അതു കിട്ടാൻ സർവീസ് തുക നൽകണമെന്നും വിശ്വസിപ്പിച്ചാണു സമൂഹമാധ്യമത്തിൽ പരിചയപ്പെട്ടവർ പണം തട്ടിയതെന്നാണു വിവരം. തട്ടിപ്പുകാർ പറഞ്ഞതനുസരിച്ചു മൂന്ന് അക്കൗണ്ടുകളിലേക്കായി ഈ മാസം 11നാണു തുക കൈമാറിയത്.
പിന്നീട് 5 ലക്ഷം രൂപ കൂടി നൽകിയാലേ സമ്മാനം ലഭിക്കൂവെന്ന് അറിയിച്ചതോടെയാണു താൻ വഞ്ചിക്കപ്പെട്ടതായി പ്രേമ മനസ്സിലാക്കിയത്.
ചതിയിൽപെട്ട വിഷമത്തിൽ 13ന് അർധരാത്രിയോടെ വീടു വിട്ടിറങ്ങിയ ഇവർ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
14ന് രാവിലെ 7.25ന് ഗുരുവായൂരിൽ ബസിറങ്ങിയ അവർ മമ്മിയൂർ ഭാഗത്തേക്കു നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായി ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്പെക്ടർ എസ്.അനീഷ് അറിയിച്ചു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇളംപച്ചയും വെള്ളയും കലർന്ന നിറത്തിലുള്ള ചുരിദാറാണു വീടു വിട്ടിറങ്ങുമ്പോൾ പ്രേമ ധരിച്ചിരുന്നത്.
കൈവശം ഫോണില്ലെന്നാണു കരുതുന്നത്. വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9497941923 എന്ന നമ്പറിലോ അറിയിക്കണമെന്നു പൊലീസ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]