മലപ്പുറം: ഭക്ഷണം കഴിക്കുന്നതിനിടെ നായക്കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ലിൻ കഷ്ണം പുറത്തെടുത്ത് രക്ഷകരായി ട്രോമ കെയർ പ്രവർത്തകർ. പാണ്ടിക്കാട് സ്വദേശിയായ ഷിബുവും കുടുംബവും ഓമനിച്ച് വളർത്തിയ 3 വയസുള്ള ഷിറ്റ്സു ഇനത്തിൽപ്പെട്ട നായക്കുട്ടിയുടെ തൊണ്ടയിലാണ് വലിയ എല്ല് കുടുങ്ങിയത്. ഏകദേശം 30000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഇനമാണ് ഷിറ്റ്സു. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പോൾ നായ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ചിക്കന്റെ എല്ലിൻ കഷ്ണം നായയുടെ തൊണ്ടയിൽ കുടുങ്ങിയത് കണ്ടെത്തിയത്.
ഇതോടെ വീട്ടുകാർ പാണ്ടിക്കാട് ട്രോമാ കെയർ ഡെപ്യൂട്ടി ലീഡറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പരിശീലനം ലഭിച്ച ട്രോമാകെയർ പ്രവർത്തകർ ഷിബുവിന്റെ വീട്ടിലെത്തി. എല്ല് കുടുങ്ങിയതോടെ അസ്വസ്ഥയായിരുന്ന നായക്കുട്ടിയെ ആദ്യം ട്രോമ കെയർ പ്രവർത്തകർ വലയിലാക്കി, ശേഷം ചോക്കിംഗിലൂടെ എല്ല് പുറത്തേക്കെടുക്കുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ ട്രോമ കെയർ പ്രവർത്തകർ നായക്കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ല് കഷണം പുറത്തെടുത്തു.
ഇതോടെ നായക്കുട്ടിക്കും, തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയുടെ ജീവൻ അപകടത്തിലാകുമെന്ന് കരുതിയ വീട്ടുകാർക്കും ആശ്വാസമായി. ട്രോമ കെയർ ടീം ലീഡർ അസീസിന്റെ നേതൃത്വത്തിൽ മുജീബ് പാണ്ടിക്കാട്, റഹീം കുറ്റിപ്പുളി എന്നിവരാണ് രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ട്രോമ കെയർ പ്രവർത്തകർ ജില്ലയിൽ രക്ഷാപ്രവർത്തന രംഗത്ത് വലിയ പ്രവർത്തനമാണ് നടത്തുന്നതെന്ന് ട്രോമ കെയർ ഭാരവാഹികൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ജില്ലയിൽ നൂറ് കണക്കിന് പേരുടെ കൈയ്യിൽ കുടുങ്ങിയ മോതിരങ്ങൾ ഊരി മാറ്റിയും, 200 ഓളം ജീവികളെ മരണത്തിൽ നിന്നും രക്ഷിച്ചെടുത്തതായും ട്രോമ കെയർ പ്രവർത്തകർ പറഞ്ഞു.
Read More : ചായക്കട തുറക്കാനായി പുലര്ച്ചെ പുറപ്പെട്ടു, കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ കുത്തിമറിച്ചു, 54 കാരന് പരിക്കേറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]