തുടര്‍ച്ചയായി രണ്ട് ദിവസം വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ സ്ഫോടന പരമ്പര! ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമുണ്ടായ അനേകം പൊട്ടിത്തെറികളില്‍ ലോകവും അക്ഷരാര്‍ഥത്തില്‍ വിറച്ചിരിക്കുകയാണ്. ഇതുവരെ കാണാത്ത യുദ്ധമാതൃകയില്‍ ഒരേസമയം ആയിരക്കണക്കിന് ‘പേജര്‍’ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ആദ്യ സംഭവം എങ്കില്‍ തൊട്ടടുത്ത ദിനം നടന്ന സ്ഫോടനം നിരവധി ‘വാക്കി-ടോക്കി’ ഉപകരണങ്ങളിലായിരുന്നു. ആദ്യ സ്ഫോടന പരമ്പര പോലെ തന്നെ രണ്ടാം പൊട്ടിത്തെറിയുടെ കാരണവും ഇപ്പോഴും നിഗൂഢം. ലെബനില്‍ ഇന്നലെ പൊട്ടിത്തെറിച്ച വാക്കി-ടോക്കികള്‍ വ്യാജമായി നിര്‍മിച്ചതാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിന് ചില കാരണങ്ങളുമുണ്ട്.
സ്ഫോടനങ്ങള്‍ക്ക് ഏറെ സാമ്യതകള്‍, നിഗൂഢതകള്‍
സ്ഫോടന പരമ്പര ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍
രണ്ട് സ്ഫോടനവും നടന്നത് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസുകളില്‍
പലയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറി
പൊട്ടിത്തെറിച്ച ഉപകരണങ്ങളുടെ ഉറവിടം അവ്യക്തതം
ചൊവ്വാഴ്ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയില്‍ 11 പേര് കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളില്‍ 20 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലെബനന്റെ വിവിധയിടങ്ങളില്‍ ഒരേസമയം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ വിറപ്പിച്ച് പേജര്‍ സ്ഫോടന പരമ്പരയുണ്ടായതിന്റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നു. പൊട്ടിത്തെറിച്ച പേജര്‍ ഉപകരണങ്ങളില്‍ നിശ്ചിത അളവില്‍ സ്ഫോടനവസ്തു നിറച്ചിരുന്നതായാണ് ലബനന് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എപ്പോള്‍, എങ്ങനെ ഇവ നിറച്ചു എന്നതിന്റെ ചുരുളഴിഞ്ഞിട്ടില്ല. തായ്വാന് കമ്പനിയായ ‘ഗോള്‍ഡ് അപ്പോളോ’യാണ് ഈ പേജറുകളുടെ നിര്‍മാതാക്കളെന്ന് സ്ഫോടനങ്ങളുടെ ചിത്രങ്ങള്‍ സഹിതം ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥാപകന്‍ നിഷേധിച്ചു. ഞങ്ങളുടെ ലോഗോ ഉപയോഗിച്ച് മറ്റൊരു കമ്പനിയാണ് പേജറുകള്‍ നിര്‍മിക്കുന്നത് എന്നാണ് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്റെ പ്രതികരണം. എന്നാല്‍ കമ്പനി ആ രണ്ടാമന്റെ പേര് വെളിപ്പെടുത്തിയില്ല. ഈ കമ്പനി യൂറോപ്പിലാണ് എന്ന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അപ്ഡേറ്റുകള് പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഡിവൈസ് ഞങ്ങളുടേത് അല്ലായെന്ന് ഇരു കമ്പനികളും
ഇതേ നിഗൂഢതയും അവ്യക്തതയുമാണ് വാക്കി-ടോക്കി സ്ഫോടനങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. പൊട്ടിത്തെറിച്ച വാക്കി-ടോക്കികളില് ജപ്പാനീസ് റേഡിയോ ഉപകരണ നിര്‍മാതാക്കളായ ‘ഐക്കോണ്‍’ കമ്പനിയുടെ ലോഗോയും ‘മെയ്ഡ് ഇന്‍ ജപ്പാന്’ എന്നയെഴുത്തുമുണ്ടെന്ന് സ്ഫോടനത്തിന്റെതായി രാജ്യാന്തര മാധ്യമങ്ങളിലടക്കം പുറത്തുവന്ന ചിത്രങ്ങള്‍ പറയുന്നു. എന്നാല്‍ ഇവിടെയാണ് ട്വിസ്റ്റ്, ഐക്കോണ്‍ കമ്പനി പറയുന്നത് ഈ വാക്കി-ടോക്കികളുടെ ഉല്പാദനം 2014ല്‍ കമ്പനി അവസാനിപ്പിച്ചതാണ് എന്നാണ്. പ്രവര്‍ത്തിക്കാന്‍ ബാറ്ററി ആവശ്യമായ ഈ വാക്കി-ടോക്കി ഉപകരണം ഒരു പതിറ്റാണ്ടിന് മുമ്പ് വിപണിയില്‍ നിന്ന് ഐക്കോണ്‍ പിന്‍വലിച്ചതാണ് എങ്കില്‍ പിന്നെങ്ങനെയാണ് ഇവയിപ്പോള്‍ പൊട്ടിച്ചെറിച്ചത് എന്ന ചോദ്യം അവശേഷിക്കുന്നു. ഇരു സ്ഫോടന പരമ്പരകളിലും ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ഉറവിടം ഇപ്പോഴും തിരശീലയ്ക്ക് പിന്നില്‍ തുടരുന്നു.
‘ലെബനനില്‍ ഐക്കോണ്‍ കമ്പനിയുടെ ലോഗോയുള്ള റേഡിയോ സിഗ്നല്‍ ഉപകരണങ്ങള്‍ (വാക്കി-ടോക്കി) പൊട്ടിത്തെറിച്ചതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയുന്നു. ഇതിന്റെ വസ്തുത ഞങ്ങള്‍ അന്വേഷിക്കുകയാണ്. വിവരങ്ങള്‍ ലഭ്യമായ ഉടന്‍ വെബ്സൈറ്റ് വഴി ലോകത്തെ അറിയിക്കുന്നതാണ്’- ഇത്രയുമാണ് രണ്ടാം സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ഐക്കോണ്‍ കമ്പനിയുടെ പ്രതികരണം. ഐക്കോണിന്റെ വാദം സത്യമെങ്കില്‍, ഐക്കോണ്‍ ലോഗോയും, മെയ്ഡ് ഇന്‍ ജപ്പാന് എന്ന എഴുത്തുമുള്ള വാക്കി-ടോക്കികളുടെ ഉറവിടം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.
അപ്പോള്‍ പിന്നെ ആരുടെ ഉപകരണങ്ങള്‍?
ഗാസ പ്രശ്നത്തിന്റെ പേരില്‍ മാസങ്ങളായി ഹിസ്ബുല്ലയും ഇസ്രയേലും അതിര്‍ത്തിയില്‍ കൊമ്പുകോര്‍ക്കുകയാണ്. ഇതിനിടെയാണ് പുതിയ ആക്രമണ സംഭവ വികാസങ്ങളുടെ തുടക്കം. പേജറുകള്‍ പൊട്ടിത്തെറിക്കുന്ന ആദ്യ സ്ഫോടന പരമ്പര നടന്നപ്പോള്‍ തന്നെ പലരും ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. മൊസാദ് അറിയാതെ ഇത്തരമൊരു പൊട്ടിത്തെറി ലെബനനില്‍ നടക്കില്ല എന്നാണ് പലരുടേയും വാദം. തുടര്‍ച്ചയായി രണ്ട് ദിവസം ലെബനനില്‍ നടന്ന സ്ഫോടന പരമ്പരയെ കുറിച്ച് ഇസ്രയേല്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തത് ഈ സംശയം ബലപ്പെടുത്തുന്നു. അതേസമയം ഇന്നലെ ഹിസ്ബുല്ലയ്ക്കെതിരെ പുതിയ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ഇസ്രയേല്‍ പ്രതിരോധമന്ത്രി. ലെബനനിലെ സ്ഫോടന പരമ്പരകളില്‍ ഉയരുന്ന പ്രധാന ചോദ്യം ഇത്രയേയുള്ളൂ… പൊട്ടിത്തെറിച്ച വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്ക് പിന്നിലാര്, എവിടെ നിര്‍മിച്ചതാണിവ? മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഹിസ്ബുല്ലയുടെ കൈകളിലെത്തിയ ഈ ഡിവൈസുകളിലെ പൊട്ടിത്തെറി മുന്‍ നിശ്ചയിച്ച പ്രകാരമെന്ന് പകല്‍പോലെ വ്യക്തം.
ഇസ്രയേലിന്റെ ചാരകണ്ണുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾ ഒഴിവാക്കി പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കുന്നത്. എന്നാല്‍ അവയുടെ എല്ലാ സുരക്ഷാ പൂട്ടും പൊളിച്ച് എതിരാളികള്‍ സ്ഫോടന പരമ്പര അഴിച്ചുവിടുകയായിരുന്നു. കോഡ് സന്ദേശം ലഭിക്കുന്ന മുറയ്ക്ക് എല്ലാ ഡിവൈസുകളും ഒരേസമയം പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു സ്ഫോടകവസ്തു രഹസ്യമായി ഉപകരണങ്ങളില്‍ ഒളിപ്പിച്ചിരുന്നത് എന്നാണ് ലെബനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം.
Read more: ഔട്ട്ഡേറ്റഡ്, പക്ഷേ ഹിസ്ബുല്ലയ്ക്ക് ഇപ്പോഴും പ്രിയം; പേജറുകള്‍ പൊട്ടിത്തെറിച്ചത് എങ്ങനെ? സംശയങ്ങള്‍ രണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]