ന്യൂയോർക്ക്: മൂന്ന് വർഷങ്ങൾക്ക് മുമ്പ്, 2021ൽ യു.എസിലെ മെയ്ൻ, ന്യൂഹാംഷെയർ എന്നിവിടങ്ങളിലെ കടൽത്തീരങ്ങളിൽ പരിഭ്രാന്തി പരത്തി കറുത്ത നിറത്തിലെ അജ്ഞാത വസ്തു അടിഞ്ഞുകൂടുകയുണ്ടായി.
ഒരാഴ്ചയ്ക്കിടെ കടൽത്തീരത്തെത്തിയ നൂറിലേറെ പേരാണ് കറുത്ത നിറത്തിലെ അജ്ഞാത കറ മണ്ണിൽ നിന്ന് തങ്ങളുടെ കാലുകളിൽ പറ്റിയതായും അത് നീക്കം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നതായും അധികൃതർക്ക് പരാതിപ്പെട്ടത്. കടൽത്തീരത്തെ മണൽത്തരികളിൽ കറുത്ത നിറത്തിലെ വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഒടുവിൽ ഗവേഷകർ ഈ മേഖലയിൽ നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിലാണ് കറുത്ത നിറത്തിൽ കരയ്ക്കടിയുന്ന വസ്തുവിന്റെ പിന്നിലെ സത്യം കണ്ടെത്തിയത്.
കെൽപ് ഫ്ലൈ ( Kelp fly ) എന്നയിനം കറുത്ത നിറമുള്ള ചെറിയ പ്രാണികൾ കൂട്ടത്തോടെ ചത്തടിഞ്ഞതാണ് കറുത്ത നിറത്തിൽ കാണപ്പെട്ട വസ്തുവെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. എന്നാൽ, ദശലക്ഷക്കണക്കിന് കെൽപ് ഫ്ലൈകൾ കൂട്ടത്തോടെ ചത്തത് എന്ത്കൊണ്ടാണെന്ന് വ്യക്തമല്ല. കടൽപ്പായലും മറ്റുമാണ് കെൽപ് ഫ്ലൈകളുടെ പ്രധാന ആഹാരം.
ദശാബ്ദങ്ങൾക്കിടെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവത്തെ പറ്റി കേൾക്കുന്നതെന്ന് ഗവേഷകർ പ്രതികരിച്ചു. ഏതായാലും ഈ പ്രാണികൾ കൂട്ടത്തോടെ ചത്തടിയുന്നത് മനുഷ്യർക്ക് ദോഷം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, നായകൾ ഉൾപ്പെടെയുള്ള ജീവികളെ ഇതെങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
കടൽത്തീരത്ത് തിരകൾക്കൊപ്പം വരിവരിയായിട്ടാണ് കറുത്ത വസ്തുക്കൾ അടിഞ്ഞത്. ബീച്ചിൽ നടക്കാനെത്തിയവരുടെ കാൽപാദങ്ങളിൽ കറുത്ത നിറം പതിയാൻ തുടങ്ങിയതോടെയാണ് സംഭവം ചർച്ചയായത്.
കെൽപ് ഫ്ലൈകൾ ബീച്ചുകളിൽ സാധാരണമാണ്. കടൽത്തീരത്തടിയുന്ന പായലിനെ ആഹാരമാക്കുന്ന ഇവ മുട്ടയിടുന്നതും പായലിൽ തന്നെ. ഇവയുടെ ശരീരത്തിൽ കാണപ്പെടുന്ന സ്വാഭാവിക കറുപ്പ് പിഗ്മെന്റ് ഘടകമാണ് ബീച്ചിലെത്തിയവരുടെ കാലുകളിൽ പതിഞ്ഞത്. കൂട്ടത്തോടെയാണ് ഇവയെ കാണപ്പെടുന്നത്.