
വാഷിംഗ്ടൺ: അടുത്താഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയെ ‘ഫന്റാസ്റ്റിക് മാൻ” എന്ന് വിശേഷിപ്പിച്ച ട്രംപ് ഇന്ത്യയെ വിമർശിക്കുകയും ചെയ്തു. യു.എസുമായുള്ള വ്യാപാര ബന്ധം ഇന്ത്യ ദുരുപയോഗം ചെയ്യുന്നതായും ഉയർന്ന ഇറക്കുമതി തീരുവ ഈടാക്കുകയാണെന്നും പറഞ്ഞു. മിഷിഗണിലെ പ്രചാരണ പരിപാടിക്കിടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ട്രംപിന്റെ പ്രതികരണം.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 21നാണ് മോദി യു.എസിലെത്തുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ച എവിടെവച്ചാണെന്നോ എപ്പോഴാണെന്നോ ട്രംപ് വ്യക്തമാക്കിയില്ല. ഫ്ലോറിഡയിലുണ്ടായ വധശ്രമത്തിന് പിന്നാലെ ട്രംപ് പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ഇത്.